Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരൂരില്‍ സമാഹരിച്ചത് 1.53 കോടി രൂപ

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനകീയ വിഭവ സമാഹരണത്തില്‍ തിരൂര്‍ താലൂക്കില്‍ ലഭിച്ചത് 1,53,47571 കോടി രൂപ. ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ തിരൂര്‍ താലൂക്ക് ഓഫീസില്‍ നടന്ന വിഭവ സമാഹരണത്തിന് തിരൂര്‍ ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആലപിച്ച നമ്മൊളെന്നാണെന്ന ഗാനത്തോടെയാണ് തുടക്കമായത്.
വീടുകളില്‍ നിന്നും പഴയപത്രങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ലഭിച്ച തുക മുതല്‍ കുടുംബ സംഗമത്തിനായി മാറ്റിവെച്ച തുക വരെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് തിരൂരിലെ ജനങ്ങള്‍ പദ്ധതിയുമായി സഹകരിച്ചത്. വീടും പറമ്പും അടങ്ങിയ സ്ഥലത്തിന്റെ ആധാരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായവരും കൂട്ടത്തിലുണ്ടായിരുന്നു.  
ദുരിതാശ്വാസ നിധിയിലേക്കുള്ള തിരൂര്‍ താലൂക്ക് ഓഫീസിന്റെ 25 ലക്ഷം രൂപയുടെ ചെക്ക് നഗരസഭ ചെയര്‍മാന്‍ ബാവ കല്ലിങ്ങല്‍ മന്ത്രിക്ക് കൈമാറി. പഞ്ചായത്തുകളില്‍ ഏറ്റവും കൂടിയ തുകയായ 25 ലക്ഷം നല്‍കിയത് താനാളൂര്‍ പഞ്ചായത്തായിരുന്നു. കൂടാതെ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ 15 ലക്ഷത്തിന്റെ ചെക്കും മന്ത്രിക്ക് നല്‍കി.
തിരൂര്‍ താലൂക്കിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, കുടുംബ സമിതികള്‍, സ്‌കൂളുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍, കര്‍ഷകര്‍, പാടശേഖര സമിതികള്‍, വാട്‌സ് ആപ്പ് കൂട്ടായ്മകള്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, യുവജന ക്ലബുകള്‍, തൊഴിലാളികള്‍, പ്രവാസി കൂട്ടായ്മകള്‍, പൊതുജന്ങ്ങള്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളായി.
തിരൂര്‍ താലൂക്ക് ഓഫീസില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ എം.എല്‍.എ മാരായ വി. അബ്ദുറഹ്മാന്‍, സി. മമ്മൂട്ടി, തിരൂര്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ ബാവ കല്ലിങ്ങള്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്സത്ത്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസാഖ്, ആര്‍.ഡി.ഒ മോബി. ജെ, തഹസില്‍ദാര്‍മാരായ പി. രാജേന്ദ്രന്‍ പിള്ള, പി.ടി ജാഫറലി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date