പ്രളയക്കണ്ണീരിലും മാതൃകയായി വൈക്കം
മഹാപ്രളയം നല്കിയ കണ്ണീര് തോര്‍ന്നിട്ടില്ലെങ്കിലും ദുരിതാശ്വാസ ധനസമാഹരണത്തില്‍ നിറകണ്‍ ചിരിയാകുകയാണ് വൈക്കം നിയോജക മണ്ഡലം. വൈക്കത്തെ എല്ലാ വില്ലേജുകളും തന്നെ പ്രളയബാധിതമായിട്ടും സമാഹരിച്ചു നല്‍കിയത് 4225650 രൂപയാണ.് ലോട്ടറി വില്‍പ്പനക്കാരനായ ഓം പിള്ളയാശാന് നല്കിയ 25,000 രൂപയും ആറു വയസുകാരന് സാരംഗിന്റെയും കൂട്ടുകാരി ഉമക്കുട്ടിയുടെയും കുഞ്ഞിക്കുടുക്കകളിലെ നാണയക്കിലുക്കവും പട്ടിക്കുട്ടിയെ വാങ്ങാന്‍ വെച്ചിരുന്ന പണമെടുത്തു നല്കിയ നിവേദിതയുടെ നിഷ്കളങ്കതയും വൈക്കത്തിന്റെ നന്മയായി.
വൈക്കം മണ്ഡലത്തില്‍ പന്ത്രണ്ട് വില്ലേജുകളാണുള്ളത്. ഉടുതുണി മാത്രമായി ക്യാമ്പിലേക്ക് എത്തിയവരാണ് ഭൂരിഭാഗവും. അവരുടെ വീടുകള്‍ നശിച്ചിട്ടും വരുമാന മാര്‍ഗം ഇല്ലാതായിട്ടും ഇവിടുത്തെ ജനങ്ങള്‍ കേരളത്തിലെ മുഴുവന്‍ പ്രളയബാധിതര്‍ക്കായി കൈകോര്ക്കുകയായിരുന്നെന്ന് ധനസമാഹരണത്തിന് നേതൃത്വം നല്കിയ സി.കെ ആശ എം.എല്‍.എ പറഞ്ഞു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും ഉദയനാപുരം ഗ്രാമ പഞ്ചായത്ത് 2,54,050 രൂപയും ടി വി പുരം ഗ്രാമപഞ്ചായത്ത് 1,23,000 രൂപയും, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 4.6 ലക്ഷം രൂപയും വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് 5,90,000 രൂപയും കൈമാറി. വൈക്കം നഗരസഭ 1,81,273 ലക്ഷവും പൊതി മേഴ്സി ഹോസ്പിറ്റല്‍ 1 ലക്ഷം രൂപയും നല്കി. വിവിധ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 20 ലക്ഷത്തോളം രൂപയും സമാഹരിച്ചു.
- Log in to post comments