Skip to main content

കുഞ്ഞുകൈകൾ പിരിച്ചെടുത്തത് 39 ലക്ഷം രൂപ

ആലപ്പുഴ: ടൂറുപോകാനും ഓണക്കോടി വാങ്ങാനും  വീട്ടിൽ നിന്ന്  വല്ലപ്പോഴും ലഭിക്കുന്ന പോക്കറ്റ് മണിയുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് നൽകിയിരിക്കുകയാണ് ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾ. പുതിയ കണക്കുകകൾ പ്രകാരം 39,11,445 രൂപ അവർ പിരിച്ചു നൽകി. മുമ്പെങ്ങുമില്ലാത്തവിധം നവകേരളത്തിന്റെ നിർമിതിക്കായി തങ്ങളാൽ കഴിയുന്ന സഹായം നൽകാൻ ജില്ലയിലെ സർക്കാർ- സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ  മടികാണിച്ചില്ലെന്ന് ഉദ്യോഗസ്ഥരും അധ്യാപകരും വെളിപ്പെടുത്തുന്നു. കൂട്ടുകാരിൽ പലരും വീടും പാഠപുസ്തകവുമെല്ലാം നഷ്ടപ്പെട്ട് ബുദ്ധിമുട്ടിയതൊക്കെ  നേരിൽ കണ്ടറിഞ്ഞ വിദ്യാർഥികൾ അവരാൽ കഴിയുന്ന വിധം സാമ്പത്തിക സഹായം എത്തിക്കുകയായിരുന്നു. 

ജില്ലയിലെ വിവിധ താലൂക്കുകളിലെ 729 സ്‌കൂളുകളിൽ നിന്നാണ് ഇത്രയും തുക പിരിച്ചെടുത്തിരിക്കുന്നത്. സർക്കാർ സ്‌കൂളിൽ നിന്നുളള വിദ്യാർഥികളൊടൊപ്പം സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികളും പണം സംഭാവന ചെയ്തിരുന്നു. ചേർത്തല ഗവ.ഗേൾസ് എച്ച്.എസ്.എസാണ്  ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്തിരിക്കുന്നത്. 55240 രൂപയാണ് സ്‌കൂളിൽ നിന്ന് സംഭാവന ലഭിച്ചത്. 

 

ജീവജലം നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

 

ചെങ്ങന്നൂർ :പ്രളയാനന്തരം  അപ്പർകുട്ടനാട് മേഖലയായ മാന്നാർ ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഏറെ ബുദ്ധിമുട്ടിയത് കുടിവെള്ളത്തിനാണ്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ മാന്നാറിലെ പൂർവ്വ വിദ്യാർത്ഥികൾ ഒന്നിച്ചു. ഇപ്പോൾ ഈ മേഖലയിലെ  200  കുടുംബങ്ങൾക്ക് ജീവജലം ലഭ്യമാക്കുകയാണ് പൂർവ വിദ്യാർഥി സംഘം.

മാന്നാർ നായർ സമാജം സ്‌കൂളിലെ 2000-2001 വർഷത്തെ സയൻസ് വിദ്യാർത്ഥികളാണ് കുടിവെള്ളവുമായി് രംഗത്തിറങ്ങിയിരിക്കുന്നത്.20 ലിറ്റർ ജലവും ഡിസ്പെൻസറും അടങ്ങുന്ന യൂണിറ്റാണ്  കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്.ജീവജലം-2018 എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.നിയാസ് മാന്നാർ,ദീപു.കെ.ബി,ഏബ്രഹാം തച്ചേരിൽ,പ്രവീൺ,രാജു,പ്രശാന്ത് കുമാർ,എം.ആർ.ജിഷാ സാം,രാഗിയ ഷാജഹാൻ,ജോമോൻ എന്നീ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ജീവജലം പദ്ധതി നടപ്പിലാക്കുന്നത്.മാന്നാറിൽ ജല ക്ഷാമം നേരിടുന്ന മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം. പാവുക്കര സെന്റ് പീറ്റേഴസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഫാ.ബെനറ്റ്.എം.വി അധ്യക്ഷനായി. മാന്നാർ നായർ സമാജം സ്‌കൂൾ പ്രിൻസിപ്പൽ വി.മനോജ് , മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുപ്രസാദ്,ജില്ലാപഞ്ചായത്തംഗം ജോജി ചെറിയാൻ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, മാന്നാർ ഗ്രാമപഞ്ചായത്തംഗങ്ങളായ ചാക്കോ കയ്യത്ര,കലാധരൻ,ജോൺ.കെ.പോൾ,അനീഷ് ബാൽ,ഡൊമനിക് ജോസഫ് എന്നിവർ പങ്കെടുത്തു.

 

 

 

 

date