പ്രളയക്കെടുതിയില്‍ നിന്നും സഹായഹസ്തവുമായി കാരശ്ശേരി പഞ്ചായത്ത്
സംസ്ഥാനത്താകെ ദുരിതം വിതച്ച പ്രളയത്തില്‍ നഷ്ടങ്ങളുടെ കണക്കു മാത്രമേ കാരശ്ശേരി പഞ്ചായത്തിനുള്ളൂ. പ്രളയത്തോടൊപ്പം പൊട്ടിപ്പുറപ്പെട്ട ഉരുള്‍പ്പൊട്ടലും ഏറ്റവും കൂടുതല്‍ ബാധിച്ചതും മലയോര മേഖലയില്‍ പെടുന്ന കാരശ്ശേരിയില്‍ തന്നെ. 23 തവണയായി അനുഭവപ്പെട്ട ഉരുള്‍പൊട്ടലിനും നാടിന് നാശം വിതച്ച് പോയ പ്രളയത്തിനും മുഖം കൊടുക്കാതെ നവകേരള നിര്‍മ്മിതിയ്ക്കായി തങ്ങളെക്കൊണ്ട് ആവുന്ന വിധം സഹായിക്കുകയാണ് പഞ്ചായത്ത്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 11 ലക്ഷം രൂപ.
പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ 17 എണ്ണത്തിലും പ്രളയം കയ്യടക്കിയപ്പോഴും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികെ പഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിന് ലഭിച്ച അവാര്‍ഡ് തുകയായ 10 ലക്ഷം രൂപയും 13 മെമ്പര്‍മാരുടെ ഒരു മാസത്തെ ഓണറേറിയ തുകയായ 1,04400 രൂപയും കൂടാതെ ജീവനക്കാരുടെ ഒരു മാസത്തെ ശബളവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പഞ്ചായത്തില്‍ 23 വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നത്. ഇവരെ താല്‍ക്കാലികമായി വാടക വീടുകളിലേക്ക് മാറ്റിയിരിക്കുന്നു. ഉപയോഗിക്കാന്‍ പറ്റാത്ത വിധം തകര്‍ന്ന വീടുകള്‍ 300 ല്ലധികമാണ്. ഇവയെല്ലാം പുനര്‍നിര്‍മ്മിക്കാന്‍ സുമനസുകളുടെ കാരുണ്യം തേടുകയാണ് പഞ്ചായത്ത് അധികൃതര്‍. സ്പോണ്‍സര്‍മാര്‍ പുനര്‍നിര്‍മ്മിക്കുന്ന വീടുകളുടെ ഉടമസ്ഥരോട് സര്‍ക്കാര്‍ സഹായം വേണ്ട എന്ന് എഴുതി വാങ്ങിയതായും കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രകാശ് പറഞ്ഞു. മിച്ചം വരുന്ന പണം സര്‍ക്കാര്‍ മറ്റുള്ളവര്‍ക്ക് നല്കട്ടെയെന്നും വി.കെ. പ്രകാശ് പറഞ്ഞു.
കാരമൂലയിലെ എഴുപത്തിയഞ്ചുകാരി ചെല്ലകുട്ടിയ്ക്ക് മണാശ്ശേരി കുന്നത്ത് തൃക്കയില്‍ വിഷ്ണു ക്ഷേത്രം കമ്മിറ്റി പത്ത് ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ചു നല്‍കും. ഇതിന്റെ പ്രവൃത്തി ആരംഭിച്ചതായും പ്രസിഡന്റ് പറഞ്ഞു. പ്രളയം പെയ്തിറങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ പഞ്ചായത്തിലെ ഓരോ മുക്കിലും പുനരധിവസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പഞ്ചായത്ത് അതീവ ശ്രദ്ധ നല്‍കുന്നുണ്ട്. മുക്കം മേഖലയില്‍ നടന്ന വിഭവ സമാഹരണ ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് തുക നേരിട്ട് നല്‍കിയാണ് കേരളത്തിലെ മികച്ച പഞ്ചായത്തുകളില്‍ ഒന്നായ കാരശ്ശേരി പഞ്ചായത്ത് വീണ്ടും മാതൃകയാകുന്നത്.
- Log in to post comments