ജില്ലയില്‍ ബാങ്ക് നിക്ഷേപം വര്‍ധിച്ചു
ജില്ലയില്‍ ബാങ്ക് നിക്ഷേപം വര്‍ധിച്ചതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി വിലയിരുത്തി. മൂന്ന് മാസത്തിലൊരിക്കലാണ് അവലോകന സമിതി ചേരാറുള്ളത്. മാര്‍ച്ച് വരെയുള്ള കാലയളവില്‍ 31838 കോടി രൂപയായിരുന്നു ജില്ലയിലെ നിക്ഷേപം. ജൂണില്‍ ഇത് 32280 കോടിയായി വര്‍ധിച്ചു. പ്രവാസി നിക്ഷേപത്തിലും വര്‍ധനവുണ്ട്. 9797 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നത് 10343 കോടിയായാണ് വര്‍ധിച്ചത്. വായ്പ തുക നല്‍കിയതിലും വര്‍ധനവുണ്ടായിട്ടുണ്ട്. 20316 കോടിയില്‍ നിന്നും 21739 കോടി രൂപയായാണ് വായ്പാ തുക വര്‍ധിച്ചത്.
കൃഷി, ചെറുകിട വ്യവസായം, ഹൗസിങ്, വിദ്യാഭ്യാസം തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ 13583 കോടി രൂപയാണ് വായ്പ നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 13056 കോടി രൂപയായിരുന്നു. ആകെ വായ്പയുടെ 62ശതമാനവും മുന്‍ഗണനാ മേഖലകളിലാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 6373 കോടി രൂപയും ചെറുകിട വ്യവസായ മേഖലകളില്‍ 2456 കോടി രൂപയുമാണ് വായ്പയായി നല്‍കിയത്. ഹൗസിങ് വിദ്യാഭ്യാസ മേഖലയില്‍ 4754 കോടി രൂപയും വായ്പ നല്കി.
ഹോട്ടല്‍ അവിയലില്‍ നടന്ന അവലോകന യോഗം ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ ടി.പി.കുഞ്ഞിരാമന്, കാനറാ ബാങ്ക് എ.ജി.എം എം. ജലീല്‍, റിസര്‍വ്വ് ബാങ്ക് എല്‍.ഡി.ഒ, പി.ജി.ഹരിദാസ്, നബാര്‍ഡ് ഡി.ഡി.എം. ജെയിംസ് പി.ജോര്‍ജ്ജ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി മിനി. ആര് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments