ജനങ്ങളുടെ ജീവിതനിലവാരം വര്‍ധിപ്പിക്കുക ലക്ഷ്യം - മന്ത്രി കെ എന്‍ ബാലഗോപാല്‍
ക്രമസമാധാന പരിപാലനവും ഉയര്‍ന്ന ജീവിതനിലവാരവും കേരളത്തിന്റെ മുഖമുദ്രയാണെന്ന് ധനകാര്യ വകുപ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കലയപുരം-പെരുംകുളം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകള്‍ എല്ലാം രാജ്യാന്തരനിലവാരം പുലര്‍ത്തുന്നവയാണ് എന്നുറപ്പാക്കുന്നു. 300 കോടി രൂപ ചിലവില്‍ വിഭാവനം ചെയ്ത കൊട്ടാരക്കര ബൈപ്പാസ് പദ്ധതി അതിവേഗപുരോഗതിയിലാണ്. അര്‍ഹിക്കുന്നത് ലഭ്യമാക്കാതെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കപ്പെടുമ്പോഴും സാമൂഹ്യക്ഷേമ പെന്‍ഷനും ചികിത്സസഹായങ്ങളും നല്‍കുന്നതിന് പ്രഥമപരിഗണന നല്‍കുകയാണ്.
150 കോടി രൂപ വിവിധ ചികിത്സപദ്ധതികള്ക്കായി അനുവദിച്ചു കഴിഞ്ഞു. നാടിന്റെ പുരോഗതിയില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉണ്ടാകരുതെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ ഏകോപനം സര്‍ക്കാരിനോടൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് ബി എം ബി സി നിലവാരത്തില്‍ റോഡ്നിര്‍മ്മാണം നടത്തിയത്. കലയപുരം പൂവത്തൂര്‍ കിഴക്ക് പെരുംകുളം പ്രദേശങ്ങളെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്.
കലയപുരം എല്‍ എം എസ് എല്‍ പി എസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്ത് അധ്യക്ഷനായി. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല, ത്രിതല പഞ്ചായത്ത്അംഗങ്ങള്‍ രാഷ്ട്രീയകക്ഷിപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments