Skip to main content

അനുമതികള്‍ ‘സുവിധ’ വഴിയെന്ന് ജില്ലാ കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും യോഗങ്ങള്‍ ചേരുന്നതിനും പ്രചരണപരിപാടികള്‍ നടത്തുന്നതിനുമുള്ള അനുമതികള്‍ക്കായി 'സുവിധ' പോര്‍ട്ടല്‍ മുഖാന്തിരം അപേക്ഷിക്കാം എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. വേഗത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള ഏകജാലക സംവിധാനമാണിത്. നോമിനേഷന്‍ സമര്‍പ്പിക്കലിന്റെ പ്രാഥമികനടപടി, പ്രചരണഅനുമതികള്‍ക്കായുള്ള അപേക്ഷ എന്നീ സേവനങ്ങളാണ് ആപ്പ് മുഖാന്തിരം ലഭിക്കുക.

അപേക്ഷ നല്‍കുന്നതിനായി suvidha.eci.gov. in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവിധ അനുമതികള്‍ക്കായി അപേക്ഷിക്കാം. സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. പോര്‍ട്ടല്‍ മുഖാന്തിരം ഫയല്‍ ചെയ്ത അപേക്ഷകളുടെ വിവരങ്ങള്‍ പൊലിസ് റിപ്പോര്‍ട്ടിനായി 'നോഡല്‍' ആപ്പിലേക്ക് അയക്കും. പൊലിസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി റിട്ടേണിംഗ് ഓഫീസര്‍ നല്‍കുന്ന അനുമതി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. അനുമതി ഓണ്‍ലൈന്‍ ആയി ഡൌണ്‍ലോഡ് ചെയ്യാം. പൊലിസ് അനുമതിക്കായി പ്രത്യേകം അപേക്ഷിക്കേണ്ട, അനുമതിആവശ്യമായ സമയത്തിന് 48 മണിക്കൂര്‍ മുന്‍പ് അപേക്ഷിച്ചിരിക്കണം. ഒരു ദിവസം വിവിധ അനുമതികള്‍ ആവശ്യമെങ്കില്‍ ഓരോന്നിനും പ്രത്യേകം അപേക്ഷിക്കണം. എല്ലാ അനുമതികളും ഓണ്‍ലൈനായി നേടണം. ഇതിനായി പ്രത്യേകം സെല്‍ പ്രവര്‍ത്തിക്കുന്നുവെന്നും അറിയിച്ചു.

 

പോര്‍ട്ടല്‍ മുഖാന്തിരം ലഭിക്കുന്ന വിവിധ അനുമതികള്‍ :

ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പൊതുയോഗങ്ങള്‍, താത്കാലിക പാര്‍ട്ടി ഓഫീസ് സജ്ജീകരണം, വാഹന പെര്‍മിറ്റ്, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ജാഥ, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള കവലകളിലെ യോഗങ്ങള്‍, ബാരിക്കേഡ് നിര്‍മാണം, അന്തര്‍ജില്ലാ വാഹനപെര്‍മിറ്റ്, ഉച്ചഭാഷിണി ആവശ്യമില്ലാത്ത യോഗങ്ങള്‍, വീടുവീടാന്തര പ്രചരണം, റാലികള്‍, സ്ഥാനാര്‍ത്ഥി-ഇലക്ഷന്‍ഏജന്റിന് ലോക്‌സഭാ മണ്ഡലത്തില്‍ ഉപയോഗിക്കാനുള്ള ഏകവാഹനം, അസംബ്ലി മണ്ഡലത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഏക വാഹനം, ലോക്‌സഭാ മണ്ഡലത്തിനുള്ളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, ഉച്ചഭാഷിണി, വാഹനത്തില്‍ ഉച്ചഭാഷിണി, ലഘുലേഖവിതരണം, കൊടി-തോരണപ്രദര്‍ശനം, താരപ്രചാരകര്‍ക്കായുള്ള വാഹനം, പോസ്റ്റര്‍, ഹോഡിങ്, യൂണിപോള്‍ എന്നിവയ്ക്കായുള്ള അനുമതി.

date