Skip to main content

വായനശാലകള്‍ ഹൈടെക് ആക്കാന്‍  1.10 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി; കല്ല്യാശ്ശേരി മണ്ഡലത്തിലെ 106 വായനശാലകളാണ് ഹൈടെക് ആകുന്നത്

    ടി.വി. രാജേഷ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് ഒരു കോടി 10 ലക്ഷം രൂപ വിനിയോഗിച്ച് കല്ല്യാശ്ശേരി മണ്ഡലത്തിലെ 106 വായനശാലകള്‍ ഹൈടെക് ആക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 23, പട്ടുവം-ആറ്, കുഞ്ഞിമംഗലം-ഒമ്പത്, കടന്നപ്പള്ളി-പാണപ്പുഴ 13, കല്ല്യാശ്ശേരി-12, കണ്ണപുരം-12, ചെറുകുന്ന്-നാല്, ഏഴോം-17, മാടായി-10 എന്നിങ്ങനെയാണ് ഹൈടെക് ആക്കുന്ന വായനശാലകള്‍. ലാപ്‌ടോപ് കമ്പ്യൂട്ടര്‍, പ്രിന്റര്‍, പ്രൊജക്ടര്‍, സൗണ്ട് സിസ്റ്റം എന്നിവയാണ് വായനശാലകള്‍ക്ക് നല്‍കുന്നത്. ഇതുപ്രകാരം ആകെ 131 ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍, 107 പ്രിന്ററുകള്‍, 82 പ്രൊജക്ടറുകള്‍, 95 സൗണ്ട് സിസ്റ്റം എന്നിവയാണ് നല്‍കുക. പദ്ധതി ആറ് മാസം കൊണ്ട് പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് പൊതുമരാമത്ത് വകുപ്പ് ഇലക്‌ട്രോണിക്‌സ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് ഭരണാനുമതി നല്‍കിയത്.

date