Skip to main content

കേരളപ്പിറവി- ഭരണഭാഷാ വാരാഘോഷം നവംബര്‍ ഒന്നുമുതല്‍

 

ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാചരണവും ഭരണഭാഷാ വാരാചരണവും നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടത്തും. നവംബര്‍ ഒന്നിന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് ജീവനക്കാരുടെ കേരള ഗാനാലാപനത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ കേരളപ്പിറവി ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് നിര്‍വഹിക്കും. എഡിഎം വിനോദ്രാജ് അധ്യക്ഷനാകുന്ന യോഗത്തില്‍ ഭാഷാ പണ്ഡിതനും കാലടി സര്‍വകലാശാല മുന്‍ വിസിയുമായ ഡോ. ധര്‍മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തും. 
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാര ജേതാവും അനവധി ബാലസാഹിത്യ കൃതികളുടെ രചയിതാവുമായ ഉണ്ണി അമയമ്പലം മുഖ്യാതിഥിയായിരിക്കും. മുഖ്യപ്രഭാഷകനെയും മുഖ്യാതിഥിയെയും ജില്ലാ കളക്ടര്‍ ആദരിക്കും. സംഗീതജ്ഞനും ആകാശവാണി അവതാരകനുമായ ടിപി വിവേക് മധുരം മലയാളം-പാട്ടും പറച്ചിലും ഭാഷാസാംസ്‌കാരിക പരിപാടി അവതരിപ്പിക്കും. 

ഐ ആന്റ് പിആര്‍ ഡി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിജാസ് ജൂവല്‍ ഉദ്ഘാടന, സമാപന യോഗങ്ങളില്‍ ആശംസാ പ്രസംഗം നടത്തും.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ ബി ബിജു സ്വാഗതവും അസി. എഡിറ്റര്‍ എ റ്റി രമ്യ നന്ദിയും അര്‍പ്പിക്കും. 

സമാപന സമ്മേളനം നവംബര്‍ ഏഴിന് ജില്ലാ കളക്ടറേറ്റില്‍ നടക്കും. ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഉദ്ഘാടനം ചെയ്യുന്ന സമാപന യോഗത്തില്‍ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ ടി ഡി രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും.  

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മത്സരങ്ങള്‍

കേരളപ്പിറവി- ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഥാരചന, കവിതാലാപാന മത്സരങ്ങളും മലയാള ഭാഷാ പ്രശ്നോത്തരി മത്സരവും നടത്തും. നവംബര്‍ അഞ്ചിനു രാവിലെ 11 മുതല്‍ കഥാരചനാ മത്സരവും അന്നുതന്നെ ഉച്ചയ്ക്കു രണ്ടുമണി മുതല്‍ കവിതാ ആലാപന മത്സരവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. 
നവംബര്‍ ആറിന് ജീവനക്കാര്‍ക്കായി നടത്തുന്ന മലയാള ഭാഷാ പ്രശ്നോത്തരി മത്സരം തിരുവനന്തപുരം ആകാശവാണിയിലെ എക്സിക്യൂട്ടീവും ഭാഷാ പണ്ഡിതനുമായ ശ്രീകുമാര്‍ മുഖത്തല നയിക്കും. ജീവനക്കാര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുമായി തത്സമയം രജിസ്റ്റര്‍ ചെയ്യാം. മത്സരവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നവംബര്‍ ഏഴിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന സമാപന യോഗത്തില്‍ വിതരണം ചെയ്യും.
 

date