കരുതലും കൈത്താങ്ങും: താലൂക്ക് തല അദാലത്തുകൾ ജില്ലയിൽ ഡിസംബർ ഒമ്പത് മുതൽ 16 വരെ
താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്തുകൾക്ക് കണ്ണൂർ ജില്ലയിൽ ഡിസംബർ ഒമ്പതിന് തുടക്കമാവുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് താലൂക്കുകളിലും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്, പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവർ അദാലത്തിന് നേതൃത്വം നൽകും.
കണ്ണൂർ താലൂക്ക് അദാലത്ത് ഡിസംബർ ഒമ്പത് തിങ്കളാഴ്ച രാവിലെ 10 മുതൽ കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. തലശ്ശേരി താലൂക്ക് അദാലത്ത് ഡിസംബർ 10 ചൊവ്വാഴ്ച രാവിലെ 10 മുതൽ തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിലാണ്. തളിപ്പറമ്പ് താലൂക്ക് അദാലത്ത് ഡിസംബർ 12 വ്യാഴാഴ്ച രാവിലെ 10 മുതൽ തളിപ്പറമ്പ് മിനി സിവിൽ സ്‌റ്റേഷൻ വളപ്പിലും പയ്യന്നൂർ താലൂക്ക് അദാലത്ത് ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കും. ഇരിട്ടി താലൂക്ക് അദാലത്ത് ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെൻറ് ജോസഫ് ചർച്ച് ഹാളിലാണ്.
കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്. പരാതികൾ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബർ ആറ് ആയിരുന്നു. പരാതികൾ അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസുകളിലും, കരുതൽ പോർട്ടൽ karuthal.kerala.gov.in വഴി ഓൺ ലൈനായും ആണ് സ്വീകരിച്ചത്. അദാലത്ത് ദിവസം പുതിയ പരാതികൾ സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തും.
ഇരിട്ടി-126, കണ്ണൂർ-240, പയ്യന്നൂർ-135, തളിപ്പറമ്പ്-154, തലശ്ശേരി-158 എന്നിങ്ങനെ ആകെ 813 പരാതികളാണ് ജില്ലയിൽ ഇതുവരെ ലഭിച്ചത്. പരാതികൾ അതത് വകുപ്പുകൾക്ക് അയച്ചുകൊടുത്ത് നടപടികൾ അദാലത്തിൽ റിപ്പോർട്ട് ചെയ്യും.
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ
* ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കൈയേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
* സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ
* കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
* വയോജന സംരക്ഷണം
* പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
* മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
* ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ
* പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
* റേഷൻകാർഡ് (എപിഎൽ, ബിപിഎൽ) (ചികിത്സാ ആവശ്യങ്ങൾക്ക്)
* കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
* വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
* ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
* വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി
* ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ
* വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
* വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ
* തണ്ണീർത്തട സംരക്ഷണം
* അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്
* എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
* പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം
അദാലത്തിൽ പരിഗണിക്കാത്ത വിഷയങ്ങൾ
* നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ
* ലൈഫ് മിഷൻ
* ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പിഎസ്‌സി സംബന്ധമായ വിഷയങ്ങൾ
* വായ്പ എഴുതി തള്ളൽ
* പോലീസ് കേസുകൾ
* ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)
* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ
* സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)
* ജീവനക്കാര്യം (സർക്കാർ)
* റവന്യു റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി. പദ്മചന്ദ്രക്കുറുപ്പ് എന്നിവരും സംസാരിച്ചു.
- Log in to post comments