മഴവില്ല് സ്‌കൂൾ ഫുട്ബോൾ ഫെസ്റ്റ്: എം.എൽ.എ കപ്പ് ഡിസംബർ ഏഴിന്
അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സ്‌കൂൾ ഫുട്ബോൾ ഫെസ്റ്റ് എം.എൽ.എ കപ്പിൻ്റെ ഉദ്ഘാടനം ഡിസംബർ ഏഴിന് രാവിലെ 8.30ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ നിർവഹിക്കും. പള്ളിക്കുന്നിലെ കിയോ ടർഫിലാണ് മത്സരങ്ങൾ നടക്കുക. രാവിലെ 8.30 മുതൽ 11.30 വരെ എൽ പി, യു പി മത്സരങ്ങളും ഉച്ചയ്ക്കുശേഷം 2.30 മുതൽ 5.30 വരെ ഹൈസ്കൂൾ/ഹയർസെക്കൻഡറി മത്സരങ്ങളും നടക്കും. മൂന്നു വിഭാഗങ്ങളിൽ നിന്നായി 36 സ്കൂൾ ടീമുകൾ ഏറ്റുമുട്ടും.
എൽപി, യുപി, ഹൈസ്‌കൂൾ- ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്‌കൂളുകൾ തമ്മിൽ മത്സരം പൂർത്തിയായി. എല്ലാ വിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടീമുകൾ ഉണ്ട്. പഞ്ചായത്ത് തല മത്സരത്തിലെ വിജയിക്ക് പഞ്ചായത്ത് കപ്പ് നൽകി. മണ്ഡലതല വിജയിക്ക് എം.എൽ.എ കപ്പ് നൽകും.
വ്യക്തിഗത ചാമ്പ്യന്മാർക്ക് മെമന്റോയും ലഭിക്കും. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും. നൂറിലധികം ടീമുകളാണ് പഞ്ചായത്ത് തല ഫുട്ബോൾ ഫെസ്റ്റിവൽ പങ്കെടുത്തത്.
പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകൾക്കും ഫുട്ബോൾ അടങ്ങിയ സ്‌പോർട്സ് കിറ്റുകൾ വിതരണം ചെയ്തിരുന്നു.
നിയോജക മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളും തമ്മിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിലൂടെ വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെവി സുമേഷ് എം.എൽ.എ അറിയിച്ചു.
- Log in to post comments