നൈപുണ്യ പരിശീലനം: ഐ.ആര്.ഇ.എല്ലുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ച് അസാപ് കേരള
നൈപുണ്യ പരിശീലനത്തില്‍ കൊല്ലം ചവറ ഐ.ആര്.ഇ.എല്‍ ഇന്ത്യ ലിമിറ്റഡുമായി 'അസാപ്' കേരള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി, ഖനന മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് നൈപുണ്യ പരിശീലനം നല്‍കാനാണ് ധാരണ. അസാപ് ഇംപ്ലിമെന്റിങ് ഏജന്‍സിയായി നഴ്സിങ് മേഖലയിലെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലാണ് പരിശീലനം നല്‍കുക. 12 ലക്ഷം രൂപയാണ് ഐ.ആര്.ഇ.എല്‍ ഇതിനായി ചെലവിടുക. സംസ്ഥാന സര്‍ക്കാറിന്റെ വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് അസാപ് പരിശീലനം നടപ്പാക്കുന്നത്.
ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസിന് ഐ.ആര്.ഇ.എല്‍ ഇന്ത്യ ലിമിറ്റഡ് ചവറ ജനറല്‍ മാനേജര്‍ & ഹെഡ് എന്‍.എസ് അജിത്ത് ധാരണാപത്രം കൈമാറി. ഐ.ആര്.ഇ.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി. അനില്‍കുമാര്‍, ചീഫ് മാനേജര്‍മാരായ കെ.എസ്. ഭക്തദര്‍ശന്‍, എസ്. അനന്തപദ്മനാഭന്, ഡെപ്യൂട്ടി മാനേജര്‍ വി. അജികുമാര്‍, അസാപ് കേരള ഫണ്ടിങ് വിഭാഗം മേധാവി വിനോദ് ശങ്കര്‍ തുടങ്ങയിവര്‍ പങ്കെടുത്തു
- Log in to post comments