Skip to main content
...

സംസ്ഥാനത്തെ അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി സജി ചെറിയാന്‍

അധികാര വികേന്ദ്രീകരണ  പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം മാതൃകാപരമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. ജില്ലാ പഞ്ചായത്തിന്റെ ആഭ്യമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി ജോയ്സ്റ്റിക് ഓപ്പറേറ്റഡ് വീല്‍ചെയറുകള്‍ നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്ത്രീ ശാക്തീകരണം, മാലിന്യനിര്‍മാര്‍ജനം, സാമൂഹിക മുന്നേറ്റം തുടങ്ങിയ മേഖലകളില്‍ നൂതന പദ്ധതികളാണ് സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.  ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ജനസേവന പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്നതിനാവശ്യമായ നടപടികളാണ് സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും പദ്ധതികള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഗ്രാമസഭ പോലുള്ള സംവിധാനങ്ങള്‍ ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 40 ശതമാനത്തിന് മുകളില്‍ പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് 127619 വില വരുന്ന അത്യാധുനിക സജ്ജീകരണങ്ങളുള്ള വീല്‍ചെയറുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്. 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 34,84,000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ഒറ്റ ചാര്‍ജില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള വീല്‍ചെയറുകളാണ് വിതരണം ചെയ്യുന്നത്.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ് കല്ലേലിഭാഗം പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ്  ശ്രീജ ഹരീഷ്, സ്ഥിരസമിതി അധ്യക്ഷരായ ജെ നജീബത്ത്, വസന്താ രമേശ്, കെ. അനില്‍ കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.കെ. ഹരികുമാരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. കെ സയുജ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date