Skip to main content
..

കേരളത്തിലെ രണ്ടാം ഭൂപരിഷ്‌കരണമായി ഡിജിറ്റല്‍ റീ സര്‍വേ മാറും: മന്ത്രി കെ. രാജന്‍ ഡിജിറ്റല്‍ റീ സര്‍വേയുടെ മൂന്നാംഘട്ടത്തിന് തുടക്കം  

സംസ്ഥാനത്തെ രണ്ടാം ഭൂപരിഷ്‌കരണമായി ഡിജിറ്റല്‍ റീ സര്‍വേ മാറുന്ന ഘട്ടമാണ് വരുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ സര്‍വേ മൂന്നാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചാത്തന്നൂര്‍ ചിറക്കരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.          ഭൂവിനിയോഗവുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുന്ന നാടായി കേരളത്തെ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കും. ഭൂരേഖകളുടെ അവസാനത്തെ സെറ്റില്‍മെന്റ്  ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ നടപ്പാക്കുന്നതിനായി നിയമസഭ ഒരു സെറ്റില്‍മെന്റ് ആക്ടുണ്ടാക്കി പ്രഖ്യാപിക്കാന്‍ പോകുകയാണ്. വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ‘എന്റെ ഭൂമി' എന്ന പേരില്‍ സംയോജിത പോര്‍ട്ടല്‍ തയാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന അപൂര്‍വ ബഹുമതിയിലേക്ക് കൂടി കേരളം കടക്കുന്നു. ലോകത്തോടൊപ്പം കേരളം നടക്കുന്ന നാളുകളാണിത്. പരാതിരഹിതമായ ഡിജിറ്റല്‍ റീസര്‍വേ സംവിധാനം നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ ഭൂരേഖകള്‍ക്ക് അന്തിമ തീരുമാനമുണ്ടാകും. ആരുടെയെങ്കിലും ഭൂമിയുടെ അതിര് നിഷ്പ്രയാസം മാറ്റാമെന്ന ധാരണ പൊളിക്കുകയാണ് കേരളത്തിലെ ഡിജിറ്റല്‍ റീസര്‍വേ. ഭൂമി അളന്നു തിട്ടപ്പെടുത്തി റവന്യൂ രേഖകളുടെ ഭാഗമായി മാറിയാല്‍ ഒരു ഡിജിറ്റല്‍ വേലി അതിര്‍ത്തിക്ക് പുറത്ത് രൂപീകരിക്കപ്പെടുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വീട്ടിലെ ഒരാള്‍ക്കെങ്കിലും റവന്യൂ സേവനം സ്വന്തം മൊബൈലില്‍നിന്ന് ചെയ്യാന്‍ കഴിയുംവിധം ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളിലൂടെ റവന്യൂ ഇ-സാക്ഷരത കേരളത്തില്‍ നടപ്പാക്കും. എ.ടി.എം കാര്‍ഡിന്റെ വലുപ്പത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് അവതരിപ്പിക്കുന്ന സംസ്ഥാനമായി നവംബറോടെ കേരളത്തെ മാറ്റും. 4700ലധികം താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചാണ് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 6,20,000 ഹെക്ടര്‍ ഭൂമി കൃത്യതയോടെ അളന്നെടുക്കാന്‍ സര്‍വേ വകുപ്പിനായത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  
ചടങ്ങില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. സര്‍വേയും ഭൂരേഖയയും വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു പദ്ധതി വിശദീകരിച്ചു. പി.എസ്. സുപാല്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, സബ് കലക്ടര്‍ നിശാന്ത് സിന്‍ഹാര, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ സലീം, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാര്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാര്‍, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ സജില, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ-സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  
കൃത്യതയോടെയും ശാസ്ത്രീയമായും ഭൂമി അളക്കുന്നതിനും വികസന ആവശ്യങ്ങള്‍ക്കായി ഭൂവിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുമായി ആരംഭിച്ച ഡിജിറ്റല്‍ റീ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ സര്‍വേ ആരംഭിച്ച 200 വില്ലേജുകളിലെയും രണ്ടാം ഘട്ടത്തില്‍ 203 വില്ലേജുകളിലെ 47 വില്ലേജുകളിലെയും സര്‍വേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ‘ജനപക്ഷം ചാത്തന്നൂര്‍' പദ്ധതിയുടെ ഭാഗമായി ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും സ്ഥാപിക്കുന്ന സ്വയംസേവന കിയോസ്‌കിന്റെ ഉദ്ഘാടനം മീനാട് വില്ലേജ് ഓഫീസില്‍ മന്ത്രി നിര്‍വഹിച്ചു.
 

 
 

date