Skip to main content

ഇലഞ്ഞിക്കോട് എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ ‘വര്‍ണക്കൂടാരം' ഒരുങ്ങി

ഇലഞ്ഞിക്കോട് ഗവ. കോഓപറേറ്റീവ് എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ വര്‍ണക്കൂടാരം ഒരുങ്ങി. കുട്ടികളുടെ സര്‍ഗ, കലാ, ബൗദ്ധിക വികാസം ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പദ്ധതി പ്രകാരം എഴുകോണ്‍ ഗ്രാമപഞ്ചായത്തും സമഗ്രശിക്ഷ കേരളയും ചേര്‍ന്നാണ് 13 ഉല്ലാസ ഇടങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്. മൂന്ന് ക്ലാസ് മുറികളാണ് ഇതിനായി നീക്കിവെച്ചത്. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കളിച്ചും പഠിച്ചും ചിന്തിച്ചും കുട്ടികള്‍ക്ക് വളരാനുള്ള അവസരമാണ് വര്‍ണക്കൂടാരം പോലുള്ള പദ്ധതികളെന്നും പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെ പാഠങ്ങളും ഇത് പകരുന്നുവെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വിവിധ തരത്തിലുള്ള കഴിവുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അവരുടെ അനുഭവങ്ങളും പഠിക്കുന്ന കാര്യങ്ങളും പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ സജീവ് തോമസ് പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക പി. സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സുമ ലാല്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുഹര്‍ബാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി.ആര്‍ ബിജു, സുനില്‍ കുമാര്‍, ബീന മാമച്ചന്‍, മറ്റു ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഗീത വിരുന്ന്, പൂര്‍വ വിദ്യാര്‍ഥികളുടെ യോഗാ നൃത്തം, കുട്ടികളുടെ കലാവിരുന്ന് എന്നിവയും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി.
 

 

date