Skip to main content
..

വ്യത്യസ്ത തൈകളും വിത്തുകളും അപൂര്‍വ ചെടികളും ആശ്രാമത്ത്

കൊല്ലം @ 75 ല്‍ വിവിധയിനം ഫലവര്‍ഗങ്ങളുടെയും അപൂര്‍വ വിഭവങ്ങളുടെയും ചെടികളുടെയും തുടങ്ങി എല്ലാ കൃഷി ഉത്പ്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കി കാര്‍ഷിക വികസന - കര്‍ഷക ക്ഷേമ വകുപ്പ്. കൃഷിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും കൃഷിയിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതിനുള്ള വിപണനവും സ്റ്റാളുകളില്‍ നടത്തിവരുന്നു.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ പ്രദര്‍ശന സ്റ്റോളില്‍ വിവിധയിനം സുഗന്ധവ്യഞ്ജനങ്ങളും 19 തരം മാമ്പഴങ്ങളും, നാലുതരം ഇഞ്ചികളും, എക്സോട്ടിക് ഫലവര്‍ഗങ്ങളും, തേനും അതിന്റെ ഉത്പന്നങ്ങളും, കൂണും അതിന്റെ വ്യത്യസ്ത കൃഷി ഘട്ടങ്ങളും, കൂണുകളുടെ വിവിധ ഉത്പ്പന്നങ്ങളും, ചെടികളും, പലഹാരങ്ങളും  കാര്‍ഷിക വികസന വകുപ്പിന്റെ വിവിധ കാര്‍ഷിക വിളവുകളും ഉല്‍പ്പന്നങ്ങളും സ്റ്റോളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇന്‍ഡോര്‍ പ്ലാന്റുകളും ഹൈടെക് ഫാമിന്റെ മിനിയേച്ചര്‍ രൂപവും ഇവിടെ കാണാന്‍ സാധിക്കും. ഈ സ്റ്റോറിലെ മറ്റൊരു മുഖ്യ ആകര്‍ഷകമാണ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. സിറ്റികളില്‍ താമസിക്കുന്ന പുതുതലമുറയ്ക്ക് കൃഷിയില്‍ ഉണ്ടായേക്കാവുന്ന പരിമിതികള്‍ നികത്താനുള്ള ഒരു സംവിധാനമാണിത്.
പ്ലാന്റ് വിത്ത് ക്ലീനിക്ക് എന്ന ആശയത്തോടെ വിളകളുടെ ആരോഗ്യ സംരക്ഷണം, നെല്‍കൃഷിയില്‍ ഉണ്ടാകുന്ന കീടങ്ങളുടെ വിവരങ്ങള്‍, നെല്ല് രോഗങ്ങള്‍, അവയെ ചെറുക്കുന്നതിനുള്ള വഴികള്‍, ചെടിയുടെ ഓരോ രോഗങ്ങളുടെയും ലക്ഷണങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അഞ്ചല്‍ കൃഷിത്തോട്ട ഫാമിലെ വിവിധ തൈകള്‍, ഫലങ്ങള്‍, പച്ചക്കറികള്‍, തെങ്ങ്, അലങ്കാര ചെടികള്‍, വിത്തുകള്‍ തുടങ്ങിയവയും ഇവിടെ ലഭിക്കും.
അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയായ ആത്മയുടെ ആനയടി, ഗ്രീന്‍ കൊല്ലം, നെടുമ്പന എന്നീ കൃഷിക്കൂട്ടങ്ങളിലെ  ഉല്‍പ്പന്നങ്ങളാണ് ആത്മ സ്റ്റോളില്‍ വിപണനത്തിന് വച്ചിരിക്കുന്നത്. മില്ലറ്റുകള്‍, തേന്‍, നെയ്യ്, കൂവപ്പൊടി, കൂണ്‍, അരിപ്പൊടി, ചക്ക ഉല്‍പ്പന്നങ്ങള്‍, ചിപ്സ്, പ്രോട്ടീന്‍ മിക്സ്, കേരള ഗ്രോയുടെ ഹെല്‍ത്ത് മിക്സ് തുടങ്ങിയ വിവിധയിനം ഉല്‍പ്പന്നങ്ങളാണ് ഇവിടെ പ്രധാനമായും വില്‍ക്കാനായി വച്ചിരിക്കുന്നത്. വനിതാ കൃഷിക്കൂട്ടമായ  ആത്മ വുമണ്‍ എംപവര്‍മെന്റിന്റെ പ്രാധാന്യം വിളിച്ചോതുന്ന സംഘടനയാണ്.
പച്ചക്കറി തൈകള്‍, അഗസ്തി ചീര, കുറ്റി കുരുമുളക്, പഞ്ചഗവ്യം വളം, ഫൈബര്‍ ചെടിച്ചട്ടികള്‍, ഗോതമ്പ് പുല്ല്, മൈക്രോ ഗ്രീന്‍ എന്നിവ ഹരിതലക്ഷ്മി ബ്ലോക്ക് നഴ്സറിയുടെ സ്റ്റാളില്‍ കാണാം. പോഷകഗുണം ഏറ്റവും കൂടുതല്‍ ഉള്ളതും 10 ദിവസം കൊണ്ട് വിളവെടുപ്പ് നടത്താവുന്നതുമായ പയര്‍, തിന, മുതിര, ഉഴുന്ന്, കപ്പലണ്ടി മുതലായവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കൃഷി രീതിയായ മൈക്രോഗീന്‍സ് സംവിധാനം അടുത്തറിയാനും സ്റ്റാളില്‍ വരുന്നവര്‍ക്ക്  അവസരമുണ്ട്.

 

date