Skip to main content

മേളയില്‍ കൃത്യതാ കൃഷി പ്രദര്‍ശനവും അതിനൂതന സാങ്കേതിക വിദ്യയുമായി കൃഷി വകുപ്പ് സൗജന്യ മണ്ണ് പരിശോധനക്കായി മൊബൈല്‍ മണ്ണ് പരിശോധനാ വാനും ഒരുക്കും

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം മേളയില്‍ കൃത്യതാ കൃഷി തത്സമയ പ്രദര്‍ശനവുമായി കൃഷി വകുപ്പ്. കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും കൃഷി വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കും.

 

കാര്‍ഷിക വിഭാഗത്തെ ഉത്പാദനം, സേവനം, വിപണനം എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. ഉത്പാദനത്തില്‍ വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കും. സേവനത്തില്‍ കൃഷിക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പ്രദര്‍ശനവും മൊബൈല്‍ മണ്ണ് പരിശോധനാ വാനും ഉണ്ടാവും. ഇതിലൂടെ കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധിച്ച് മണ്ണിന്റെ ഗുണമേന്മ തിരിച്ചറിയാനാവും. കൃഷി വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കതിര്‍ ആപ്പിനെ പരിചയപ്പെടുത്തലും കര്‍ഷകര്‍ക്കായി ഹെല്‍പ്പ് ഡെസ്‌കും ഒരുക്കും. നിര്‍മ്മിത ബുദ്ധി, റിമോട്ട് സെന്‍സിങ്, ഡാറ്റാ അധിഷ്ടിത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വികസിപ്പിച്ച ഇന്റലിജിന്റ് ഫാം മോണിറ്ററിങ് സിസ്റ്റം പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

'കേരള ഗ്രോ ബ്രാന്‍ഡിങ്' ഉള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനവും നെല്ലിയാമ്പതി ഫാമില്‍ നിര്‍മിച്ച വിവിധ ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയിലും സ്റ്റാളില്‍ ലഭിക്കും. പാലക്കാടന്‍ തനിമ വിളിച്ചോതുന്ന മുതലമട മാങ്ങ, അട്ടപ്പാടി മില്ലറ്റ് എന്നിവയ്ക്ക് പ്രത്യേക വിഭാഗമുണ്ടാവും. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തലും വകുപ്പിന് കീഴില്‍ നേടിയ നേട്ടങ്ങളുടെ പ്രദര്‍ശനവും കാര്‍ഷിക സെമിനാറുകളും ഉണ്ടാകും.

വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്‌സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

date