കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജ്ജിതമാക്കും
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജ്ജിതമാക്കുന്നതിനും പദ്ധതി നൂറ് ശതമാനം കർഷകരിൽ എത്തിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സഖറിയ സാദിഖ് മധുരക്കറിയൻ പറഞ്ഞു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രം കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് വളരെയേറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഈ വൈറസ് രോഗം നമ്മുടെ നാട്ടിൽ നിന്നും തുടച്ചുനീക്കാൻ ക്ഷീരകർഷകരും പൊതുജനങ്ങളും സഹകരിക്കണം. മെയ് രണ്ടു മുതൽ 23 വരെ 18 പ്രവൃത്തി ദിവസങ്ങളിലായി നടക്കുന്ന ഈ ദൗത്യത്തിലൂടെ ജില്ലയിലെ മുഴുവൻ കന്നുകാലികൾക്കും കുത്തിവെപ്പ് നടത്തുകയും 2030 നകം വൈറസിനെ നിർമ്മാർജ്ജനം ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്.
കുത്തിവെപ്പ് സാമഗ്രികൾ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ടി.കെ സഗീറിന് നൽകിയാണ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത്. ഡോ.ആർ.കതിരേശൻ ഡെപ്യൂട്ടി ഡയറക്ടർ (എ.എച്ച്)ആധ്യക്ഷത വഹിച്ചു. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാ ചീഫ് വെറ്ററിനറി ഓഫീസറും ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓർഡിനേറ്ററുമായ ഡോ.കെ ഷാജി പദ്ധതി വിശദീകരിച്ചു. എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബി ബിനോദ്, ഡി.വി.സി വെറ്ററിനറി സർജൻ ഡോ.ഷൗക്കത്തലി വടക്കുംപാടൻ, ആതവനാട് എ.പി.ഒ ഡോ.എസ്.എ അഫ്സൽ, നിലമ്പൂർ എ.പി.ഒ ഡോ. എം.ജി ബിന്ദു, താലൂക്ക് കോ-ഓർഡിനേറ്റർമാരായ ഡോ. ഇ.വി. നൗഫൽ കൊണ്ടോട്ടി, ഡോ. ഷീജ വാസു പൊന്നാനി, എന്നിവർ സംസാരിച്ചു.ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. എ.ഷമീം സ്വാഗതവും ലെവ്സ്റ്റോക്ക് ഇൻസ്പെക്ടർ കെ.സി സുരേഷ്ബാബു നന്ദിയും പറഞ്ഞു.
- Log in to post comments