'എന്റെ കേരളം' പ്രദര്‍ശന വിപണന മേള: സര്‍ക്കാരിന്റെ വികസന മുന്നേറ്റങ്ങള്‍ അടയാളപ്പെടുത്തി ഐപിആര്‍ഡി സ്റ്റാള്‍
സംസ്ഥാന സര്‍ക്കാരിന്റെ വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സന്ദര്ശകരിലെത്തിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്റ്റാള്‍. രണ്ടാം പിണറായി വിജയന് മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയിലാണ് വൈവിധ്യങ്ങളേറെയുള്ള സ്റ്റാള്‍ ഒരുക്കിയത്.
ഇന്ററാക്ടീവ് ക്യൂബ് ഡിസ്പ്ലേ ആണ് സ്റ്റാളിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, നവകേരളം, വ്യവസായം, പട്ടയം എന്നിങ്ങനെ കുറിച്ച ക്യൂബിന്റെ വശങ്ങള് മാറ്റുന്നതിനനുസരിച്ച് ഓരോ വകുപ്പുമായും ബന്ധപ്പെട്ട വികസന നേട്ടങ്ങളുടെ വീഡിയോ എല്‍ഇഡി വാളില്‍ തെളിയും. കേരളം കൈവരിച്ച പുരോഗതികള്‍, അടയാളപ്പെടുത്തിയ നേട്ടങ്ങള്‍, മാറുന്ന കേരളത്തിന്റെ ദൃശ്യങ്ങള്‍, ഫോട്ടോ സെല്‍ഫി കോര്‍ണറുകള്‍, ഗെയിം കോര്‍ണര്‍, ഡിജിറ്റല്‍ മാഗസിനുകള്‍ എന്നിവയും പ്രദര്‍ശനത്തെ ആകര്‍ഷണീയമാക്കുന്നു.
കേരളം കൈവരിച്ച രാജ്യാന്തര നേട്ടങ്ങളും നവകേരളത്തെ കെട്ടിപ്പടുക്കുന്ന ലക്ഷ്യങ്ങളും അടയാളപ്പെടുത്തുന്ന പ്രദര്‍ശനത്തില്‍ മുഖ്യമന്ത്രിയുടെ അപൂര്‍വ നിമിഷങ്ങളുടെ ചിത്രങ്ങളുമുണ്ട്. എന്റെ കേരളം, വികസന പാതയില്‍ കോഴിക്കോട്, നമ്മള് നവകേരളത്തിലേക്ക് ഫോട്ടോ കോര്‍ണറുകളും ലഹരിക്കെതിരെ സന്ദേശം നല്കുന്ന ഗെയിം കോര്‍ണറുമുണ്ട്.
ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ പരിചയപ്പെടുത്തുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സ്റ്റാള്‍ മറ്റൊരു ആകര്‍ഷണീയതയാണ്. സാങ്കേതിക മികവിന്റെ പിന്തുണയില്‍ ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ കാണാനാണ് ഇതുവഴി അവസരം. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം തോണിക്കടവ്, കടലുണ്ടി പക്ഷിസങ്കേതം, മാനാഞ്ചിറ സ്ക്വയര്‍, മിഠായിതെരുവ് തുടങ്ങിയ സ്ഥലങ്ങളാണ് വെര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെ കാണാനാവുക. കൂടാതെ കോഴിക്കോടിന്റെ കാഴ്ചകളും ജില്ലയുടെ വികസന നേട്ടങ്ങളും വിവരിക്കുന്ന ഫോട്ടോ പ്രദര്‍ശനവും 'നമ്മുടെ കോഴിക്കോട്' ഫോട്ടോ കോര്‍ണറും ഈ സ്റ്റാളിന്റെ ഭാഗമായുണ്ട്.
- Log in to post comments