Skip to main content

പൊതുജനാരോഗ്യത്തിൽ  വിട്ടുവീഴ്ചയില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യസുരക്ഷാ സൂചികയിൽ സംസ്ഥാനം ദേശീയതലത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സുരക്ഷിതമായ ഭക്ഷണം ഏവരുടെയും അവകാശമാണെന്ന് ആശയത്തിലൂന്നി വ്യാപകമായ ബോധവൽക്കരണവും പരിശീലനവും നിയമ നടപടികളുമായാണ് ഭക്ഷ്യവകുപ്പ് മുന്നോട്ടുപോവുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ ചതിയില്ല, ആരോഗ്യത്തെക്കുറിച്ച് അർഹമായ പരിഗണന, ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ല എന്ന ദൃഢനിലപാട് സ്വീകരിച്ചുകൊണ്ട് 2021 മുതൽ ജില്ലയിൽ ഇരുപതിനായിരത്തോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വകുപ്പിന് സാധിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 2337 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 10261 സർവൈലൻസ് സാമ്പിളുകളും ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. 
പരിശോധനയിൽ തൃപ്തികരമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയതിനെ തുടർന്ന് 108 പ്രോസിക്യൂഷൻ കേസുകളും 121 അഡ്ജൂഡിക്കേഷൻ കേസുകളും കോടതികളിൽ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ 21 പ്രോസിക്യൂഷൻ കേസുകളിലും 71 അഡ്ജൂഡിക്കേഷൻ കേസുകളിലും വിധി വന്നിട്ടുണ്ട്. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 2584 സ്ഥാപനങ്ങൾക്കുനേരെ നടപടിയെടുത്ത് 76 ലക്ഷം രൂപയ്ക്ക് മേൽ പിഴയും ഈടാക്കിയിയിട്ടുണ്ട്. 

ഓണം, വിഷു, ക്രിസ്തുമസ്, ന്യൂ ഇയർ തുടങ്ങിയ ഉത്സവ സീസണുകളിലും വേനൽ-മഴക്കാലങ്ങളിലും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് നിരീക്ഷണം ശക്തമാകുന്നത് പൊതുജനാരോഗ്യത്തിനോടുള്ള പ്രതിബദ്ധതയുടെ പ്രതീകമാണ്. കച്ചവടക്കാർ മുതൽ സ്കൂൾ പാചകതൊഴിലാളികൾ വരെയുള്ളവർക്കായി വിഭാവനം ചെയ്ത ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പരിപാടികൾ സമൂഹത്തിൽ ഭക്ഷ്യസുരക്ഷയുടെ അവബോധം ഉയർത്തുവാൻ വലിയ പങ്ക് വഹിച്ചു. ട്രെയിനിങ്ങിനു ശേഷം സർട്ടിഫിക്കറ്റ് നൽകുന്നത് അവരുടെ കച്ചവട ജീവിതത്തെയും സുരക്ഷിത ഭക്ഷണ ശൃംഖലയെയും സുസ്ഥിരമാക്കുന്നു. ജനങ്ങളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി മൊബൈൽ ഭക്ഷ്യപരിശോധന ലാബ് വഴി നടത്തിയ ബോധവൽക്കരണ ക്ലാസുകളും 7100 ഭക്ഷ്യസാമ്പിളുകളുടെ പരിശോധനയും വകുപ്പിന്റെ സജീവ സമീപനത്തിന്റെ തെളിവാണ്.  
ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ് എസ് എസ് എ ഐയുടെ ഈറ്റ് റൈറ്റ്, ക്ലീൻ മാർക്കറ്റ്, പ്ലേസസ് ഓഫ് വേർഷിപ്പ് തുടങ്ങിയ വിവിധ അംഗീകൃത പരിപാടികളിൽ കണ്ണൂർ ജില്ല മികച്ച പങ്കാളിത്തം പുലർത്തുകയാണ്. ഇപ്പോൾ നാലാം ഘട്ടം നടന്നുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായി 15 സ്ഥാപനങ്ങൾ ഈറ്റ് റൈറ്റ് ക്യാമ്പസ്, ഒരു സ്കൂൾ, നാല് സ്ട്രീറ്റ് ഫുഡ് കേന്ദ്രങ്ങൾ, ഏഴ് മാർക്കറ്റുകൾ, രണ്ട് റെയിൽവേ സ്റ്റേഷനുകൾ, മൂന്ന്  ആരാധനാലയങ്ങൾ എന്നിവയ്ക്ക് എഫ് എസ്എസ്എഐ അംഗീകൃത സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ജില്ലയിലെ 234 സ്ഥാപനങ്ങൾക്കാണ് ഒന്ന് മുതൽ അഞ്ച് വരെ സ്റ്റാർ റേറ്റിങ്ങ് നൽകി ഹൈജീൻ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങൾക്കിടയിൽ ശുചിത്വത്തിലും സുരക്ഷിതത്വത്തിലുമുള്ള മത്സരശീലവും ഉയർന്നിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലും വകുപ്പിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്.  സ്കൂൾ കുട്ടികൾക്ക് സുരക്ഷിതാഹാരം ഉറപ്പ് വരുത്തുന്നതിന് സേഫ് ആൻഡ് ന്യൂട്രിഷൻ ഫുഡ് പരിപാടിയും പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മോഡൽ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയും വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്.
അത്യാധുനിക സംവിധാനങ്ങളുടെയും വൈവിധ്യമായ ക്യാമ്പയിനുകളുടെയും പിൻബലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിക്കൊണ്ട് വിട്ടുവീഴ്ചയില്ലാതെ പൊതുജനാരോഗ്യം സംരക്ഷിച്ചുകൊണ്ട് ഭക്ഷ്യവകുപ്പ് ജൈത്രയാത്ര തുടരുകയാണ്.

date