Skip to main content

കണ്ണൂരിനെ കൂടുതല്‍ സഞ്ചാര പ്രിയമാക്കി ടൂറിസം വകുപ്പ്

പുഴകളും മലകളും തീരപ്രദേശങ്ങളും ഒട്ടനവധിയുള്ള കണ്ണൂരില്‍ അതിന്റെ ടൂറിസം സാധ്യതകള്‍ കണ്ടെത്തി നിരവധി പദ്ധതികളിലൂടെ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ടൂറിസം വകുപ്പ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച് ആയ മുഴപ്പിലങ്ങാടിനെയും ധര്‍മ്മടം ബീച്ചിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതി ടൂറിസം രംഗത്ത് ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ഒന്നാണ്. 25000 പേരെ ഉള്‍ക്കൊള്ളത്തക്ക വിധത്തില്‍ നവീകരിച്ച മുഴപ്പിലങ്ങാട് ബീച്ചില്‍ നാല് മുതല്‍ 20 ലക്ഷം രൂപ വരെ മാസവരുമാനമുണ്ടാകുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. 233.71 കോടി രൂപയ്ക്ക് നടപ്പിലാക്കുന്ന പദ്ധതിയില്‍ നടപ്പാത, കുട്ടികള്‍ക്കുള്ള കളിസ്ഥലം ടോയ്ലറ്റ് ബ്ലോക്കുകള്‍, കിയോസ്‌കുകള്‍ ഇരിപ്പിടങ്ങള്‍ അലങ്കാര ലൈറ്റുകള്‍, ലാന്‍ഡ് സ്‌കെയ്പിംഗ് എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. മുഴപ്പിലങ്ങാട് ബീച്ചിനോട് ചേര്‍ന്ന് കിടക്കുന്ന ധര്‍മ്മടം ബീച്ചും തുരുത്തും സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ മറ്റൊരു പ്രധാന കേന്ദ്രമാണ്. ഏകദേശം നൂറുകോടി രൂപ ചെലവിട്ടാണ് ഇവിടെ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പോകുന്നത് മ്യൂസിക്കല്‍ ഫൗണ്ടന്‍, ജെയിന്റ് വീല്‍, സൈക്ലിംഗ് ആന്‍ഡ് ജോഗിംഗ് ട്രാക്ക്, ബോട്ട് റസ്റ്റോറന്റ് എന്നിവ ധര്‍മ്മടം ബീച്ചിലും തുരുത്തില്‍ എലിവേറ്റഡ് നേച്ചര്‍ വാക്ക്, സ്‌കൂള്‍പ്പര്‍ ഗാര്‍ഡന്‍ എന്നിവയുമാണ് ഒരുക്കുന്നത്.  

ജില്ലയിലെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ നടന്ന മറ്റൊരു ചരിത്ര നേട്ടമാണ് ചാല്‍ ബീച്ചിന് അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് പദവി ലഭിച്ചത്. പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെയും വൃത്തിയും സുരക്ഷയും ഉറപ്പാക്കിയുമാണ് ഈ നേട്ടം കൈവരിച്ചത്. ബ്ലൂ ഫ്ളാഗ് പദവി ലഭിക്കുന്ന ഇന്ത്യയിലെ പതിമൂന്നാമത്തേതും സംസ്ഥാനത്തെ രണ്ടാമത്തെയും ബീച്ചാണ് ചാല്‍ ബീച്ച്. ഇതുകൂടാതെ ചാല്‍ബീച്ചില്‍ സ്ഥാപിച്ച ക്യൂആര്‍ കോഡിലൂടെ വിപുലമായ വിവരങ്ങള്‍ ലഭിക്കും. ബീച്ചിലേക്കുള്ള പ്രവേശന സമയം, സുരക്ഷിതമായി ബീച്ചില്‍ ഇറങ്ങാന്‍ പ്രത്യേകമായി  മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം, ലൈഫ് ഗാര്‍ഡ് ഡ്യൂട്ടിയിലുള്ളവരുടെ വിവരങ്ങള്‍, വീല്‍ചെയര്‍ സൗകര്യ വിവരം, ചാല്‍ബീച്ച് മാപ്പ്, വികലാംഗ സൗഹൃദ പാര്‍ക്കിങ്ങ് ഏരിയ തുടങ്ങിയവയുടെ വിവരങ്ങള്‍  സ്‌കാന്‍ ചെയ്ത് ലഭിക്കുന്ന തരത്തിലാണ് ചാല്‍ ബീച്ചിലെ ക്യൂആര്‍ കോഡ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിനായി പ്രത്യേകമായി മാപ്പ് അടക്കമുള്ളവ തയ്യാറാക്കുകയും സുരക്ഷിത മേഖല അടക്കമുള്ളവ മാര്‍ക്ക് ചെയ്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. പയ്യാമ്പലം ബീച്ചിലെ നടപ്പാതയും പാതയോട് ചേര്‍ന്നുള്ള ഇരിപ്പിടങ്ങളും ചൂട്ടാട് ബീച്ചിലെ പാര്‍ക്കും ടൂറിസം വകുപ്പ് വികസിപ്പിച്ചെടുത്തതാണ്.

മലബാറിലെ പുഴകളെ കേന്ദ്രീകരിച്ച് ടൂറിസം വകുപ്പിന് കീഴില്‍ നടപ്പിലാക്കിയ മറ്റൊരു സുപ്രധാന പദ്ധതിയാണ് മലനാട് ക്രൂയിസ് ടൂറിസം പദ്ധതി. കണ്ണൂര്‍ ജില്ലയിലെ 14 ഇടങ്ങളിലും കാസര്‍കോട് ജില്ലയിലെ മൂന്നിടങ്ങളിലുമായി വിഭാവനം ചെയ്ത പദ്ധതി ജല വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു. കേരള സര്‍ക്കാരിന്റെ മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂയിസ് എന്ന പേരിലും കേന്ദ്രസര്‍ക്കാറിന്റെ മലനാട് മലബാര്‍ റിവര്‍ എന്ന പേരിലുമാണ് പദ്ധതി അറിയപ്പെടുന്നത്. ബോട്ട് ടെര്‍മിനലുകള്‍, ഫ്ളോട്ടിംഗ് മാര്‍ക്കറ്റുകള്‍, സ്പീഡ് ബോട്ടുകള്‍, ക്രൂയിസ് ബോട്ടുകള്‍ ഫ്ളോട്ടിംഗ് റസ്റ്റോറന്റുകള്‍ തുടങ്ങിയവ സഞ്ചാര ആകര്‍ഷണങ്ങളാണ്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ടെര്‍മിനല്‍ പറശ്ശിനിപ്പുഴയുടെ സൗന്ദര്യം സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നു. തീമാറ്റിക് ക്രൂയിസും മലബാറി പാചകരീതികള്‍ തുടങ്ങിയ വേറിട്ട അനുഭവങ്ങള്‍ നല്‍കുന്ന ജലയാത്ര വിദേശികളായ യാത്രക്കാരെയും ആകര്‍ഷിക്കുന്നുണ്ട്. കണ്ടല്‍ വനങ്ങള്‍, കൈത്തറി, കരകൗശല വസ്തുക്കള്‍ തുടങ്ങിയ പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി ഒരുക്കിയത്.

കണ്ണൂരിലെ പ്രാദേശിക സ്ഥലങ്ങളിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന് ഭാഗമായി ടൂറിസം വകുപ്പിന് കീഴില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഡെസ്റ്റിനേഷന്‍ ചലഞ്ചുകളിലൂടെ നടത്തിവരുന്ന പദ്ധതികള്‍ ടൂറിസത്തിന്റെ മറ്റൊരു സുപ്രധാന വികസനങ്ങളാണ്. ഇരിക്കൂര്‍ മണ്ഡലത്തിലെ നടുവില്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കുറ്റിപ്പുല്ല്  ടൂറിസം പദ്ധതിയുടെ 90 ശതമാനവും നിലവില്‍ പൂര്‍ത്തിയായി. കൂടാളി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന നെടുങ്കുളം കടവ് പാര്‍ക്കില്‍ കോഫി ഷോപ്പ്, ടോയ്ലറ്റ് ബ്ലോക്ക്, ഓപ്പണ്‍ സ്റ്റേജ്, സൈഡ് വാള്‍, വാക് വേ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പെരുമ്പറമ്പ് എക്കോ പാര്‍ക്കില്‍  നടപ്പാക്കുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍ ഫുട്പാത്ത്, സ്റ്റേജ്, കിയോസ്‌ക്, ട്രീ ഹൗസ്, ഓപ്പണ്‍ വെല്‍ തുടങ്ങിയവയുമുണ്ട്.

അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാന്‍ ക്യൂആര്‍ കോഡുമായി ഡിടിപിസി

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ ഡിടിപിസി ക്യൂആര്‍ കോഡ് സജ്ജമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും പങ്കുവെക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഡി ടി പി സി മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമാണ്. അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ ഓരോ കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യൂആര്‍ കോഡുള്ള ബോര്‍ഡ്  സ്‌കാന്‍ ചെയ്താണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത്. പയ്യാമ്പലം ബീച്ച്, പയ്യാമ്പലം പാര്‍ക്ക്, പയ്യാമ്പലം സീ പാത്ത് വേ, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം പാര്‍ക്ക്, പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം, വയലപ്ര പാര്‍ക്ക്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പഴശ്ശി ഉദ്യാനം, ചൂട്ടാട് ബീച്ച് പാര്‍ക്ക്, പാലക്കാട് സ്വാമി മഠം പാര്‍ക്ക്, പാലക്കയം തട്ട് ടൂറിസം കേന്ദ്രം, തലശ്ശേരി ഗുണ്ടര്‍ട്ട് മ്യൂസിയം എന്നിവിടങ്ങളില്‍ ക്യൂആര്‍ കോഡ് സ്ഥാപിച്ചിട്ടുണ്ട്. ഡിടിപിസിയുടെ കീഴിലുള്ള വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഫീഡ്ബാക്ക് ആയി നല്‍കാവുന്നതാണ്. ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളിലെ പ്രശ്നങ്ങള്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് തന്നെ ഫീഡ്ബാക്ക് ടൈപ്പ് ചെയ്തോ വോയ്‌സ് വഴിയോ നല്‍കാവുന്നതാണ്. മാലിന്യ പ്രശ്നങ്ങളോ നിക്ഷേപമോ ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോ സഹിതം അയക്കുകയും ചെയ്യാം. ഇത്തരമൊരു വേറിട്ട പദ്ധതി ആരംഭിച്ചതിനു ശേഷം ലഭിച്ച പരാതികളില്‍ അടിയന്തരമായ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചില വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന് പ്രത്യേക  പ്രൊജക്റ്റായി ആവിഷ്‌കരിക്കണ്ട  സാഹചര്യമുണ്ടായാല്‍ ആയതിനുള്ള നടപടികളും ഡിടിപിസി സ്വീകരിക്കും.

date