Skip to main content

അത്താണി - പുതുരുത്തി റോഡ്

അത്താണി പുതുരുത്തി റോടിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എ.സി മൊയ്തീന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

 കുന്നംകുളം നിയോജകമണ്ഡലത്തിലെ മുഴുവന്‍ റോഡുകളും ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തികള്‍ നടന്നുവരികയാണെന്നും കേരളത്തിന്റെ മനോഹര റോഡുകളിലൊന്നായി കേച്ചേരി പന്നിത്തടം റോഡിനെ മാറ്റാനായെന്നും എ.സി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. കുന്നംകുളം നിയോജകമണ്ഡലത്തിലെ 90 ശതമാനം റോഡുകളും ബി എം ആന്‍ഡ് എ ബി സി നിലവാരത്തില്‍ പൂര്‍ത്തീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം എരുമപ്പെട്ടിയിലെ വ്യവസായ എസ്റ്റേറ്റ് പദ്ധതിയും യാഥാര്‍ത്ഥ്യമാകുന്നതോടെ വികസന സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയേയും മെഡിക്കല്‍ കോളേജിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മങ്ങാട് പുതുരുത്തി അത്താണി റോഡ്. പുതുരുത്തി പള്ളി മുതല്‍ മങ്ങാട് സെന്റര്‍ വരെയുള്ള 3.40 കിലോമീറ്റര്‍ ചിപ്പിങ് കാര്‍പെറ്റ് റോഡ് ബി എം ആന്‍ഡ് ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. റോഡ് നവീകരണത്തിന്റെ ഭാഗമായി കാന നിര്‍മാണം, ഐറിഷ് ഡ്രയിന്‍, റോഡ് വീതി കൂട്ടിയുള്ള സുരക്ഷ പ്രവര്‍ത്തികളും നടത്തി.

  എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. വി.സി ബിനോജ്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ സുമന സുഗതന്‍, ഷീജ സുരേഷ്,  ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മാഗി അലോഷ്യസ്, എം.കെ ജോസ്, റിജി ജോര്‍ജ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ നകുല പ്രമോദ്, സഹകരണ ബാങ്ക് പ്രസിഡന്റ് യു.എസ് കൃഷ്ണന്‍കുട്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date