Skip to main content

കൊച്ചി കാൻസർ സെൻ്ററിൽ അമിനിറ്റി സെൻ്റർ നിർമ്മിക്കും; 11.34 കോടി രൂപയുടെ പദ്ധതി

കൊച്ചി കാൻസർ സെൻ്ററിൽ പുതിയ അമിനിറ്റി സെൻ്റർ കൂടി നിർമ്മിക്കും. കാൻസർ സെൻ്ററിൽ ചികിത്സക്കെത്തുന്ന രോഗികളുടേയും കൂട്ടിരുപ്പ്കാരുടേയും വിശ്രമത്തിനും താമസത്തിനും സൗകര്യമൊരുക്കാനാണ് അമിനിറ്റി സെൻ്റർ നിർമ്മിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിക്കായി ബി.പി. സി.എൽ 11.34 കോടി രൂപ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കുന്ന കാൻസർ സെൻ്ററിലെ സൗകര്യങ്ങൾ വീണ്ടും വിപുലപ്പെടുത്തുന്നതാണ് അമിനിറ്റി സെൻ്റർ എന്നും മന്ത്രി പറഞ്ഞു.

 

മധ്യകേരളത്തിലെ പ്രധാന കാൻസർ ചികിത്സാ കേന്ദ്രമായി മാറുന്ന കൊച്ചി കാൻസർ സെന്ററിൽ ചികിത്സ തേടി മറ്റ് ജില്ലകളിൽ നിന്ന് ഉൾപ്പെടെ എത്തുന്നവർക്ക് ആശ്വാസമേകുന്നതാണ് അമിനിറ്റി സെൻ്റർ. എ.സി, നോൺ എ.സി മുറികൾ, ഡോർമിറ്ററി എന്നിവയുൾപ്പെടെ 22000 ച അടി വിസ്തീർണ്ണമുണ്ടാകും സെൻ്ററിന്. 6 നിലകളിലായി 115 പേർക്ക് താമസ സൗകര്യമൊരുക്കാൻ കഴിയും. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

date