ഹോട്ടലുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന
*82 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു
സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോരക്കടകൾ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മേയ് 19, 20 തീയതികളിൽ വൈകിട്ട് 4 മുതൽ 8 വരെയാണ് പരിശോധനകൾ നടത്തിയത്. ജില്ലകളിൽ രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ ഉൾപ്പെടുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
ആകെ 1648 പരിശോധനകളാണ് നടത്തിയത്. വിശദ പരിശോധനയ്ക്കായി സ്ഥാപനങ്ങളിൽ നിന്നും 188 സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ 264 സ്ഥാപനങ്ങൾക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നൽകുകയും 249 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകുകയും 23 സ്ഥാപനങ്ങൾക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകൾ നൽകുകയും ചെയ്തു. നിയമപരമായ ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിക്കുന്ന 82 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.
സ്ഥാപനങ്ങളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, സ്ഥാപനത്തിന്റെ ശുചിത്വം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, പെസ്റ്റ് കൺട്രോൾ മെഷേഴ്സ് എന്നിവ കർശന പരിശോധനക്ക് വിധേയമാക്കി. വീഴ്ച കണ്ടെത്തുന്ന സാഹചര്യത്തിൽ എഫ്എസ്എസ് ആക്ട് 2006 ആന്റ് റൂൾസ് 2011ലെ പ്രൊവിഷൻസിന് വിധേയമായി അടിയന്തിര തുടർ നടപടികൾ സ്വീകരിക്കും.
പി.എൻ.എക്സ് 2187/2025
- Log in to post comments