Skip to main content

തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് കൈമാറി

 

 

തളിക്കുളം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്ക് ഹോം കെയർ നടത്തുന്നതിനായി തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് കൈമാറി. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സി.സി മുകുന്ദൻ എംഎൽഎ ആംബുലൻസിന്റെ താക്കോൽ കൈമാറി. വാഹനം, ഇൻഷുറൻസ്, ജിപിഎസ്, രജിസ്ട്രേഷൻ, ടാക്സ് എന്നിവ ഉൾപ്പെടെ 13,82,761 രൂപ എംഎൽഎയുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ നിന്നും ചെലവഴിച്ചാണ് ആംബുലൻസ്‌ അനുവദിച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ആർ സിന്ധു പദ്ധതി വിശദീകരണം നടത്തി.

 

 തുടർന്ന് ജീവിതശൈലീ രോഗങ്ങളുടെ സർവ്വേ നടത്തുന്ന ശൈലി ആപ്പിന്റെ രണ്ടാം ഘട്ട സർവ്വേ ആദ്യം പൂർത്തീകരിച്ച ആശ വർക്കർ വനജ, ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത ആശ വർക്കർ വിജന എന്നിവരെ അനുമോദിച്ചു. 

 

ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ് മുഖ്യാതിഥിയായി. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അനിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾനാസർ, വാർഡ് മെമ്പർമാരായ സി.കെ ഷിജി, ഷൈജ കിഷോർ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുജീബ്, പാലിയേറ്റീവ് നേഴ്സ് വി.എം മഞ്ജുഷ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date