സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതിയുടെ ഔട്ട് റീച്ച് സ്പെഷ്യല്‍ ഒ.പി. ഉദ്ഘാടനം ഇന്ന് (24-06-25)
കുന്നംകുളം നഗരസഭയിൽ ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതിയുടെ ഔട്ട് റീച്ച് സ്പെഷ്യല്‍ ഒ.പി. ഉദ്ഘാടനം എ.സി മൊയ്തീൻ എംഎൽഎ ഇന്ന് നിർവഹിക്കും.
സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം ഗവ മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന പ്രത്യേക ഔട്ട് റീച്ച് ഒ.പി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ തുടക്കമാവുക. എല്ലാ ബുധനാഴ്ചകളിലും രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയാണ് ഔട്ട് റീച്ച് ഒ.പി. പ്രവര്‍ത്തിക്കുക. സ്പോര്‍ട്സ് ആയുര്‍വ്വേദ വിഭാഗത്തില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പഞ്ചകര്‍മ്മ തെറാപിസ്റ്റ് തുടങ്ങിയവർ അടങ്ങുന്ന മെഡിക്കല്‍ ടീമാണ് കുന്നംകുളത്ത് സേവനം നല്‍കുക.
കുന്നംകുളം സീനീയര്‍ ഗ്രൗണ്ടിലെ സ്പോര്‍ട്സ് മെഡിസിന്‍ കെട്ടിടത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങിന് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരും കൗണ്‍സില്‍ അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ ആയുര്‍വ്വേദ ഡി.എം.ഒ ഡോ ആഗ്നസ് ക്ലീറ്റസ് മുഖ്യാതിഥിയാകും സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതിയുടെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പദ്ധതി വിശദീകരിക്കും.
ആയുഷ് വകുപ്പിന്റെ കീഴിലുള്ള ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത പദ്ധതിയാണ് സ്പോര്‍ട്സ് ആയുര്‍വ്വേദ. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും സ്പോര്‍ട്സ് ആയുര്‍വ്വേദ ക്ലിനിക്കുകള്‍ നടത്തി വരുന്നു. കായിക താരങ്ങളിലെ പരിക്കുകള്‍ ചികിത്സിക്കുക, കായിക താരങ്ങള്‍ക്ക് ഉണ്ടാകുന്ന തുടര്‍പരിക്കുകള്‍ക്കുള്ള പ്രതിരോധ ചികിത്സ, പ്രീ ഇവന്റ്, ഇന്റര്‍ ഇവന്റ്, പോസ്റ്റ് ഇവന്റ് തയ്യാറെടുപ്പുകള്‍, സ്പോര്‍ട്സ് താരങ്ങളുടെ ശാരീരികക്ഷമത പാകപ്പെടുത്തല്‍, മത്സരകാല ഇടവേളകളില്‍ കായിക താരങ്ങളുടെ ആരോഗ്യ പരിപാലനം, ആയുര്‍വ്വേദ തത്ത്വങ്ങള്‍ പ്രകാരം കായിക താരങ്ങളുടെ കഴിവുകളെ മനസ്സിലാക്കി അവ പരിപോഷിപ്പിക്കുക, ദിനചര്യ, ഋതു ചര്യ, നിത്യരസായനം തുടങ്ങിയ ആയുര്‍വ്വേദ മാതൃകകള്‍ കായിക താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുക, സബ് ജില്ല തലം മുതല്‍ ദേശീയ അന്തര്‍ദേശീയ തലം വരെയുള്ള വിവിധ കായികമത്സരങ്ങളില്‍ വൈദ്യ സഹായം നല്‍കുക, കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും പരിക്കുകള്‍ തടയുന്നത് സംബന്ധിച്ചും സ്പോര്‍ട്സ് ന്യൂട്രീഷനെ കുറിച്ചും ബോധവത്കരണം നല്‍കുക തുടങ്ങിയവയാണ് സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതിയുടെ ലക്ഷ്യങ്ങള്‍. തൃശ്ശൂര്‍ നഗരത്തിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വ്വേദ & റിസര്‍ച്ച് (കിസാര്‍) ആണ് ഔട്ട് റീച്ച് ഒ.പി.യിലെ തുടര്‍ചികിത്സകള്‍ ആവശ്യമെങ്കില്‍ വഹിക്കുക.
- Log in to post comments