ജില്ലാ പഞ്ചായത്തിന്റെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനം 27ന്
ജില്ലാ പഞ്ചായത്തിന്റെ മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിമുറ്റത്ത് ജൂണ്‍ 27ന് വൈകിട്ട് മൂന്ന് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന് അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് മുഖ്യപ്രഭാഷണം നടത്തും.
വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യംശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്. ജലാശയങ്ങളില്‍ സെപ്റ്റിക് മാലിന്യം തള്ളുന്നതിന് പരിഹാരമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സംവിധാനമാണിത്. നഗരമേഖലകളില്‍ നിന്ന് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ശേഖരിച്ച് വാഹനത്തില്‍ സ്ഥാപിച്ച പ്ലാന്റിലൂടെ ശുദ്ധീകരിച്ച് സുരക്ഷിതമായി പുറന്തള്ളുരീതിയാണ് പിന്തുടരുക.
ഖര-ദ്രാവക വേര്‍തിരിവ്, ഖരമാലിന്യം കട്ടിയാക്കല്‍, മലിനജല സംസ്കരണം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ശുദ്ധീകരണം. സെന്റ്രി ഫ്യൂജ്, ബയോമെംബ്രെന് ഫില്‍ട്രേഷന്‍ എന്നീ പ്രക്രിയകള്‍ വഴിയാണ് പ്രവര്‍ത്തനം. ഭൗമ എന്‍വിടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ ആധുനികമായി സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റാണിത്. മണിക്കൂറില്‍ 6000 ലിറ്റര്‍വരെ മലിനജലം ശുദ്ധീകരിക്കാനാവും. ജലം സുരക്ഷിതമായി ഒഴുക്കി കളയാം. കൃഷിക്കും ഉപയോഗിക്കാം.
ശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് ടാങ്കിലെ മാലിന്യംമാത്രമാണ് പ്ലാന്റ് വഴി സംസ്കരിക്കാവുന്നത്. ടാങ്കിന്റെ അടിഭാഗം സീല്‍ ചെയ്തിരിക്കണം. ജലാംശം കുറഞ്ഞ മാലിന്യങ്ങള്‍ പ്ലാന്റ് വഴി ശുദ്ധീകരിക്കാനാകില്ല; അടുക്കള മാലിന്യം, വ്യവസായിക മാലിന്യം എന്നിവയും. 95 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ രണ്ട് യൂണിറ്റുകള്‍ മുന്‍കൂര്‍ ബുക്കിംഗ് അനുസരിച്ച് പ്രവര്‍ത്തിക്കും.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ.സയൂജ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.അനില്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നജീബത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്ത രമേശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ.അനില്‍.എസ്. കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സാം.കെ.ഡാനിയല്‍, അഡ്വ.ബ്രിജേഷ് എബ്രഹാം, അഡ്വ.സി.പി സുധീഷ് കുമാര്‍, ഡോ.കെ.ഷാജി, അനന്തുപിള്ള, പ്രിജി ശശിധരന്, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, ജില്ല ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍, ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ.ഷെര്‍ളി എന്നിവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍ 1712/2025)
- Log in to post comments