ആലപ്പുഴ ജില്ല നിക്ഷേപ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കി: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
അന്താരാഷ്ട്ര എം.എസ്. എം. ഇ ദിനാഘോഷവും നിക്ഷേപക സംഗമവും സംഘടിപ്പിച്ചു
ആലപ്പുഴ ജില്ല നിക്ഷേപ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര എം എസ് എം ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) ദിനാഘോഷവും നിക്ഷേപക സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
കേരളത്തിലെ വ്യവസായ സൗഹാർദ്ദ അന്തരീക്ഷം ദിനംപ്രതി ശക്തിപ്പെട്ടു വരികയാണ്. ഈ വളർച്ചയിൽ പരമ്പരാഗത മേഖലയെയും കരകൗശല കലാകാരന്മാരെയും ചേർത്തുപിടിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.ജില്ലയിലെ മുതിർന്ന സംരംഭകരെയും കരകൗശല വിദഗ്ധരെയും പ്രസിഡൻ്റ് ആദരിച്ചു.
ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ അധ്യക്ഷനായി. കെ.എസ്.എസ്.ഐ. എ ജില്ലാ പ്രസിഡൻറ് വി .കെ ഹരിലാൽ ,
ലീഡ് ബാങ്ക് മാനേജര്‍ എം അരുണ്‍,കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ വി പി മനോജ് , ബി സുജാത തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments