ലഹരി വിരുദ്ധ ബോധവത്കരണം
കേരള വിമുക്തി മിഷൻ തൃശ്ശൂർ ജില്ലാ വിഭാഗം വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അന്തർദേശീയ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാതല ബോധവത്കരണ പരിപാടി തൃശ്ശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ബിന്ദു. കെ. പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുഭാഷ്. വി. സ്വാഗതം ആശംസിച്ചു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ പി. കെ. സതീഷ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനാ മത്സരം ഉപന്യാസ മത്സരം എന്നിവയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി ആദരിച്ചു. ജീവിതമാണ് ലഹരി പഠനമാണ് ലഹരി എന്ന ആപ്തവാക്യത്തോടുകൂടി 2025 എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നിള കാർത്തിക്കിനെ ചടങ്ങിൽ അഭിനന്ദിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ ലഹരി വിരുദ്ധ ബാഡ്ജുകളുടെ വിതരണ ഉദ്ഘാടനം വി.എസ്.പ്രിൻസ് നിർവഹിച്ചു.നശാ മുക്ത് ഭാരത് സന്ദേശം ഉൾക്കൊള്ളുന്ന പരാതിപ്പെട്ടി ലഹരിയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും നിക്ഷേപിക്കാനുള്ള പരാതിപ്പെട്ടി തൃശ്ശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുഭാഷ്. വി. പ്രധാന അധ്യാപിക ബിന്ദു കെ.പി ക്ക് കൈമാറി. ഇസാഫ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ലഹരി വിരുദ്ധ കാർഡുകളുടെ വിതരണം ജോൺ. പി.വി. എച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ അനിത എം.എ.ക്ക് കൈമാറി.
- Log in to post comments