മീസില്‍സ് - റൂബെല്ല നിവാരണം: പ്രത്യേക കാംപെയിന്‍ മെയ് 31 വരെ
മീസില്‍സ്, റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പ്രത്യേക കാംപെയിന്‍ സംഘടിപ്പിക്കുന്നു. പാലക്കാട് അടക്കമുള്ള ആറ് ജില്ലകളിലായി മെയ് 31 വരെയാണ് കാംപെയിന്‍. മീസില്‍സ്, റൂബെല്ല വാക്സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചു വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ-ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്സിനേഷന്‍ നല്‍കും.
അഞ്ചു വയസ്സുവരെയുള്ള എല്ലാ കുഞ്ഞുങ്ങളും ഈ രണ്ടു ഡോസുകളും എടുത്തുവെന്നു ഉറപ്പാക്കുകയാണ് പരിപാടി. ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും രണ്ടാഴ്ചക്കാലം ഇതിനായി വാക്സിനേഷന്‍ സൗകര്യമൊരുക്കുകയും, പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും, ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ലക്ഷ്യമിട്ട് മൊബൈല്‍ വാക്സിനേഷന്‍ ബൂത്തുകള്‍ ഒരുക്കുകയും ചെയ്യും. കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്കുന്നതില്‍നിന്ന് മനപ്പൂര്‍വം വിട്ടുനില്‍ക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാന്‍ തദ്ദേശസ്ഥാപനത്തലത്തില്‍ സാമൂഹിക പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ വാക്സിനേഷന്‍ ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും. രണ്ടു രോഗങ്ങളുടെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാക്സിന്‍ മൂലം തടയാവുന്ന മറ്റു 10 രോഗങ്ങളുടെ വാക്സിനുകള്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്കു അവ കൂടി എടുക്കാന്‍ അവസരം നല്‍കും.
മീസില്‍സ്, റൂബെല്ല എന്നിവ വളരെ പെട്ടന്ന് പകരുന്നതും കുഞ്ഞുങ്ങളിലും ഗര്‍ഭസ്ഥശിശുക്കളിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതും, മാരകവുമായ രണ്ടു രോഗങ്ങളാണ്. എന്നാല്‍ ഇവ രണ്ടും വാക്സിനേഷനിലൂടെ എളുപ്പത്തില്‍ തടയാനാവുന്നവയാണ്. ഇന്ത്യയില്‍ 2024 ല്‍ 17456 മീസില്‍സ് കേസുകളും, 2462 റൂബെല്ല കേസുകളും റിപ്പോര്‍ട്ട് ചെയ്തു, കേരളത്തില്‍ ഇതേകാലയളവില്‍ 526 മീസില്‍സ് കേസുകളും, 51 റൂബെല്ല കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2025 ഏപ്രില്‍ 30 വരെ കേരളത്തില്‍ 20 മീസില്‍സ്, 21 റൂബെല്ല എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്തത്.
വാക്സിനെടുക്കാന്‍ വിട്ടുപോയ കുഞ്ഞുങ്ങളുടെ പട്ടിക തയാറാക്കല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളില്‍ നല്‍കുന്ന രണ്ടു ഡോസ് മീസില്‍സ് റൂബെല്ല വാക്സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. കേരളത്തില്‍ 92 ശതമാനം കുഞ്ഞുങ്ങള്‍ ആദ്യ ഡോസും, 87 ശതമാനം കുഞ്ഞുങ്ങള്‍ രണ്ടാം ഡോസും സ്വീകരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
- Log in to post comments