Skip to main content

ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സുരക്ഷ പദ്ധതി നിലവിലുണ്ട്

* ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നുള്ള പദ്ധതി

* ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്

കേരളത്തിലെ 1280-ഓളം വരുന്ന എല്ലാ പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങൾ തടയുന്നതിനും ദുരന്ത ആഘാതം ഒഴിവാക്കുന്നതിനുമായി ആശുപത്രി സുരക്ഷ പദ്ധതി (Hospital Safety Plan) തയ്യാറാക്കുവാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ മെയ് 21ന് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് യോഗം ചേർന്നത്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തിൽ ബന്ധപ്പെട്ട വിദഗ്ധരെ ഉൾപ്പെടുത്തി നടത്തിയ ശില്പശാലകളിൽ നിന്നായി ആശുപത്രി സുരക്ഷാ പദ്ധതിയ്ക്ക് ആവശ്യമായ രൂപരേഖയും മാർഗനിർദേശങ്ങളും ഇതിനകം തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ജൂൺ 26 ന് ചേർന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ പരിശീലനങ്ങൾക്കായി തുക അനുവദിച്ചിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ മുന്നോട്ട് നീങ്ങുന്നു. ഓഗസ്റ്റ് മാസത്തോടുകൂടി എല്ലാ പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ഈ പദ്ധതി തയ്യാറാക്കപ്പെടും. ഈ സുരക്ഷ പദ്ധതി മുഖേനെ കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും നേരിട്ടേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ദുരന്ത സാധ്യതാ പ്രശ്‌നങ്ങളെ മനസിലാക്കുകയും അവയെ തരംതിരിച്ചു അതിനുള്ള പരിഹാരമാർഗങ്ങൾ തീരുമാനിക്കാവുന്നതുമാണ്.

അതത് സ്ഥലങ്ങളിൽ അടിയന്തരമായി ഇടപെടാൻ കഴിയുന്ന കാര്യങ്ങൾ അവിടെ തന്നെയും അതിനപ്പുറമുള്ളവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെയും പരിഹരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനപ്പുറം വലിയ ദുരന്ത ആഘാത സാധ്യതയുള്ള പ്രശ്‌നങ്ങളെ തടയുവാൻ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്നും ധനസഹായം ലഭ്യമാക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിൽ ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റും ഫയർ ഓഡിറ്റും നടത്തി. പോലീസും, ഫയർഫോഴ്സുമായി ചേർന്ന് സേഫ്റ്റി ഓഡിറ്റും മോക് ഡ്രില്ലും സംഘടിപ്പിച്ചു. ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക ഗൈഡ് ലൈനും പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളം.

പി.എൻ.എക്സ് 3084/2025

date