Skip to main content

കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ച് ചേരാനല്ലൂർ പഞ്ചായത്ത്

 

 

കാർഷിക മേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യവും കൃഷിയുമായുള്ള ബന്ധവും പുതുതലമുറയെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.  

വിഷ്ണുപുരം പാസ്ക്കൽ മെമ്മോറിയൽ ഹാളിൽ നടന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ടി ജെ വിനോദ് എംഎൽഎ നിർവഹിച്ചു. ഇതിനോട് അനുബന്ധിച്ച് സ്കൂളുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി ചേരാനെല്ലൂർ സെൻ്റ് മേരീസ് യുപി സ്കൂളിലെ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നൽകുന്നതിന്റെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ എംഎൽഎ നിർവഹിച്ചു. 

 

ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് വിവിധ വിൽപന സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പ് വഴി ജൈവ വളങ്ങൾ, ജൈവ കീടനാശിനകൾ, ഫലവൃക്ഷ തൈകൾ എന്നിവയും കുടുംബശ്രീ നാട്ടു ചന്ത വഴി പച്ചക്കറികളുടെയും ഫലങ്ങളുടെയും വിൽപനയും നടത്തി.

ഗ്രീനിയ എഫ് ഐ ജി കൂട് മത്സ്യകൃഷി ചെയ്തുവരുന്ന കരിമീൻ, പിലോപ്പി മത്സ്യങ്ങളുടെ വില്പനയും, കുടുംബശ്രീ സംരംഭകരുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, വാർഡ് 7 ലെ കർഷകൻ തോമസ് പീറ്ററിൻ്റെ ബോൺസായ് വൃക്ഷങ്ങളുടെ പ്രദർശനം,

ആലങ്ങാട് അഗ്രോ സർവീസ് സെൻററിന്റെ ഫലവൃക്ഷതൈകളുടെ വിതരണവും ഉപകരണങ്ങളുടെ പ്രദർശനവും, വിൽപ്പന സ്റ്റാളുകളും, എസ് എം എ എം രജിസ്ട്രേഷൻ സൗകര്യവും ചന്തയോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. പങ്കെടുത്ത എല്ലാവർക്കും പച്ചക്കറി വിത്ത് സൗജന്യമായി വിതരണം ചെയ്തു.

 

ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം ജ്യോത്സന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആരിഫ മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷീബ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻസ്ലാവോസ് , വാർഡ് മെമ്പർമാരായ ബെന്നി ഫ്രാൻസിസ്, വിൻസി ഡേറിസ് ,മിനി വർഗീസ്, ഷൈമോൾ ജെംസൺ, പി കെ ഷീജ, കെ ജെ ജെയിംസ്, വി ബി അൻസാർ, സി ഡി എസ് ചെയർപേഴ്സൺ നസീമ, കൃഷി അസിസ്റ്റൻറ് ഡി എസ് ജയചന്ദ്രൻ, ദർശന ജോസഫ് എന്നിവർ പങ്കെടുത്തു.

date