നാടന്‍ പച്ചക്കറി ഉത്പാദനത്തില്‍ മലപ്പുറം ജില്ല സ്വയം പര്യാപ്തതയിലേക്ക്
സുരക്ഷിത നാടന്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയുടെ വാര്‍ഷിക നാടന്‍ പച്ചക്കറി ഉത്പാദന വിടവ് 2.5 ലക്ഷം മെട്രിക് ടണ്‍ ആണ്. ഈ വിടവ് നികത്തുന്നതിന്റെ ഭാഗമായി 2285 ഹെക്ടര്‍ സ്ഥലത്ത് അധികമായി പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് 1341 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്. പദ്ധതിയുടെ ഭരണപരവും സാങ്കേതികവുമായ നിര്‍വ്വഹണം, ഏകോപനം എന്നിവ ഉറപ്പ് വരുത്തുന്നതിന് ജില്ലാ കലക്ടര്‍ വി.ആര്. വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹൈ പവര്‍ കമ്മിറ്റിയില്‍ എം.എല്‍.എ.മാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി അബ്ദുള്‍ മജീദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ലീഡ് ബാങ്ക് മാനേജര്‍ സി.ആര് ബിനോയ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, എന്നിവരടങ്ങുന്ന ജില്ലാതല കമ്മിറ്റി പദ്ധതി നിര്‍വ്വഹണം ചര്‍ച്ച ചെയ്യുകയും ഇതര വകുപ്പുകളുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഉന്നതാധികാര സമിതി ജൂലൈ 21 ന് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും.
- Log in to post comments