Skip to main content
 കൈറ്റിൻ്റെ ആദി മുഖ്യത്തിൽ നടന്ന ഹൈസ്കൂള്‍ പ്രഥമാധ്യാപക ശില്പശാലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുന്നു

പ്രഥമാധ്യാപകർക്കായി കൈറ്റ്  ശില്പശാല സംഘടിപ്പിച്ചു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ഓൺലൈനായി സംവദിച്ചു

                                                                                                                                                                                                                                                                                മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്നുമുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള  ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ 9 മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമുകള്‍ പരിചയപ്പെടുത്താന്‍ കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ്റെ  ( കൈറ്റ്)   നേതൃത്വത്തില്‍  ജില്ലയിൽ  നടന്ന ഹൈസ്കൂള്‍ പ്രഥമാധ്യാപക ശില്പശാലയില്‍വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും പങ്കെടുത്തു.
അക്കാദമിക് മാസ്റ്റർ പ്ലാനുകള്‍ നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഉള്ള സമഗ്ര പ്ലസ് പോർട്ടൽ ഉപയോഗിക്കേണ്ട രീതി  ശില്പശാലയിൽ വിശദീകരിച്ചു. ഇതിനായി താഴെത്തട്ട് മുതൽ മുകൾ തട്ടുവരെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമുള്ള സൗകര്യങ്ങളാണ് കൈറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന സമഗ്ര പ്ലസ് പോർട്ടലിൽ ഉള്ളത്.
'സമഗ്ര പ്ലസ്' (www.samagra.kite.kerala.gov.in) പോർട്ടലിലൂടെ   ടീച്ചർക്ക് ഡിജിറ്റൽ പ്ലാനുകൾ തയ്യാറാക്കി  സൂക്ഷിക്കാനും പ്രഥമാധ്യാപകർക്ക് സമർപ്പിക്കാനും കഴിയും.     അതോടൊപ്പം ഈ പോർട്ടലിലുള്ള ഡിജിറ്റല്‍ റിസോഴ്സുകൾ 'ലേണിംഗ് റൂം' സംവിധാനം വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും  ഒരുപോലെ പ്രയോജനപ്പെടുത്താനാവും. സ്കീം ഓഫ് വർക്കിനനുസരിച്ചാണോ തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്ന് ടീച്ചര്‍ക്ക് സ്വയം വിലയിരുത്താം. 
നേരത്തേ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രൈമറി സ്കൂളിലെ പ്രഥമാധ്യാപകർ,  ഐ. ടി. കോർഡിനേറ്റർമാർ, എസ്. ആർ. ജി  കൺവീനർമാർ തുടങ്ങിയവർക്കും കൈറ്റ് പരിശീലനം നൽകിയിരുന്നു. 
ശില്പശാലയില്‍  ജില്ലയിലെ 243 ഹൈസ്കൂള്‍ പ്രഥമാധ്യാപകർ പങ്കെടുത്തു.  തുടർന്ന് ഹൈസ്കൂൾ വിഭാഗം ഐടി കോർഡിനേറ്റർമാർക്കും എസ്.ആർ.ജി കൺവീനർമാർക്കും പരിശീലനം നൽകും. ഇവരാണ് സ്കൂളുകളിലെ മറ്റ് അധ്യാപകർക്ക് പരിശീലനം നൽകുക.
 ജൂലൈയിൽ തന്നെ സംസ്ഥാന തലത്തിൽ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകി അക്കാദമിക മോണിറ്ററിംഗിനും കുട്ടികളുടെ മെൻ്ററിംഗിനും ഉള്ള  ഡിജിറ്റൽ പ്ലാറ്റ്ഫോം രക്ഷിതാക്കൾക്കുൾപ്പെടെ കാണുന്ന വിധം പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്ന് ചടങ്ങിൽ സംവദിച്ച കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു.
ജില്ലയിൽ ശില്ലശാലയ്ക്ക് ജില്ലാ കോ ഓ‌ർഡിനേറ്റർ തോമസ് വർഗീസ് നേതൃത്വം നൽകി. ജില്ലയിലെ മാസ്റ്റർ ട്രയിനർമാർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.  
 

date