ലോക ജനസംഖ്യാ ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം
അമ്മയാകേണ്ടത് ശരിയായ പ്രായത്തിൽ; മനസും ശരീരവും തയ്യാറാകുമ്പോൾ മാത്രം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ലോക ജനസംഖ്യാ ദിനാചരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ദിനചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ അബിനീഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ആർ ലതിക ദിനാചരണ സന്ദേശം നൽകി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ബിന്ദു സോമൻ, തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ ജെ ഷീബ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. എൽ ഭവില, പന്തലായനി ബ്ലോക്ക് മെമ്പർ എം പി മൊയ്തീൻ കോയ, ചേമഞ്ചേരി ഗ്രാമപഞ്ചയത്ത് വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി, തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഹരികുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സി പി ദിവ്യ സ്ത്രീകളുടെ പ്രത്യുല്പാദന ആരോഗ്യം, കുടുംബാസൂത്രണ മാർഗ്ഗങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ അവതരിപ്പിച്ച ബോധവത്ക്കരണ സ്കിറ്റ്, പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട്, തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments