വിദ്യാഭ്യാസ മേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി- മന്ത്രി വി.ശിവന്‍കുട്ടി
വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചിതറ സര്‍ക്കാര്‍ എല്‍.പി.എസ് സ്കൂളിലെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരമേറിയ ബാഗുകളുമായി സ്കൂളിലെ ബഹുനില കെട്ടിടം കയറുന്നതു ബുദ്ധിമുട്ടാണെന്ന വിദ്യാര്‍ത്ഥിയുടെ കത്തുപരിഗണിച്ച് ലിഫ്റ്റ് സംവിധാനം സ്കൂളുകളില്‍ ഏര്‍പ്പെടുത്തിവരികയാണ്.
ഇതുവരെ 45000 സ്കൂളുകളില്‍ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ക്ലാസ്മുറികള് ഒരുക്കി. നിര്‍മിത ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ വിദ്യാലയങ്ങളില്‍ സംവിധാനം ലഭ്യമാക്കി; ജില്ലാ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് പരിശീലനവും നല്കി. ഒന്നു മുതല്‍ 10 വരെയുള്ള പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്കരിച്ചു. കലാരംഗത്തും കായികരംഗത്തും മികവുപുലര്ത്താന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി. എന്‍.കെ.പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തി. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനില്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ. നജീബത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments