Skip to main content

സംസ്ഥാന കര്‍ഷക അവാര്‍ഡ് 2024 അപേക്ഷ ക്ഷണിച്ചു: പുതുതായി 6 അവാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തി

 

 

കാര്‍ഷികോല്പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന സംസ്ഥാന കര്‍ഷക അവാര്‍ഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പെട്ട കര്‍ഷകന്‍/കര്‍ഷക (50000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്), കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ് (ഫലകം, സര്‍ട്ടിഫിക്കറ്റ്), അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കുന്ന കൃഷി ഭവന് നല്‍കുന്ന അവാര്‍ഡ് (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്), വകുപ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കൃഷി ജോയിന്റ് ഡയറക്ടര്‍ (ഫലകം, സര്‍ട്ടിഫിക്കറ്റ്), കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഫലകം, സര്‍ട്ടിഫിക്കറ്റ്), എഞ്ചിനീയര്‍-കൃഷി (ഫലകം, സര്‍ട്ടിഫിക്കറ്റ്) എന്നിവയാണ് പുതുതായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍. ഈ ആറ് പുതിയ അവാര്‍ഡുകള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം നല്‍കിയ 40 വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിര്‍ദേശം ക്ഷണിച്ചിരിക്കുന്നത്. 

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന അവാര്‍ഡുകളിലേക്ക് കര്‍ഷകര്‍ക്ക് അവരുടെ അപേക്ഷകള്‍ അതാത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ഫോറം, കൃഷി ഭൂമിയുടെ രേഖകളും നടപ്പിലാക്കിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും സഹിതമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷയും കൂടുതല്‍ വിവരങ്ങളും കൃഷി വകുപ്പ് വെബ്സൈറ്റായ www.keralaagriculture.gov.in -ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാത് കൃഷി ഭവനുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23. ഓരോ വിഭാഗങ്ങളിലും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകരെ ചിങ്ങം 1 കര്‍ഷകദിനത്തില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ ആദരിക്കും.

 

 

date