ഉത്സവ പതാക ഇന്ന് കൊടിയേറും; ഓണം വാരാഘോഷ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
സംസ്ഥാന ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.നാളെ (03.9.2025) നിശാഗന്ധിയിൽ മുഖ്യമന്ത്രി തിരിതെളിക്കുന്നതോടെ സംസ്ഥാനം കാത്തിരുന്ന ഓണംവാരാഘോഷ പരിപാടികൾക്ക് തുടക്കമാവും. ഓണം വാരാഘോഷ ഉത്സവ പതാക ഇന്ന് കൊടിയേറുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിളംബരഘോഷയാത്ര,വൈദ്യുത ദീപാലങ്കാരങ്ങളുടെയും മീഡിയസെന്ററിന്റെയും ഫുഡ്‌ഫെസ്റ്റിവലിന്റെയും ഉദ്ഘാടനം, പായസ മത്സരം, ജനപ്രതിനിധികൾ,മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കായുള്ള പ്രത്യേക വടംവലി മത്സരങ്ങൾ എന്നിവയും ഇന്ന് നടക്കും .സെപ്തംബർ മൂന്ന് മുതൽ ഒൻപത് വരെ നടക്കുന്ന സംസ്ഥാന ഓണം വാരാഘോഷത്തിന്റെ അവസാനഘട്ട അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം വിളംബര ഘോഷയാത്ര രാവിലെ 9 മണിക്ക് കനകക്കുന്ന് കൊട്ടാകരവളപ്പിൽ നിന്ന് ആരംഭിക്കും.വിവിധ വാദ്യഘോഷങ്ങളോടെയായിരിക്കും വിളംബര ഘോഷയാത്ര പുറപ്പെടുക. ചെണ്ടമേളം, കൃഷ്ണനാട്ടം, അർജുന നൃത്തം എന്നിവയും ഉണ്ടാകും. പേരൂർക്കട, മണ്ണന്തല, കേശവദാസപുരം, സ്റ്റാച്യു, ഗാന്ധിപാർക്ക്, കരമന എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച് വൈകിട്ട് ആറിന് കനകക്കുന്നിൽ സമാപിക്കും. വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്സവപതാകയുയർത്തും. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കനകക്കുന്നിൽ ആരംഭിക്കുന്ന മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും ഒട്ടേറെ പ്രത്യേകതകളുള്ള വൈദ്യൂത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ വൈകിട്ട് ഏഴിനും മന്ത്രി നിർവഹിക്കും. ഫുഡ് ഫെസ്റ്റിവലിനും ഇന്ന് തുടക്കമാവും. വൈകിട്ട് 3ന് മന്ത്രി പി എ മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പായസ മത്സരം ഉച്ചക്ക് ഒരു മണിക്കും ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള വടംവലി മത്സരം വൈകിട്ട് അഞ്ചിന് സെൻട്രൽ സ്‌റ്റേഡിയത്തിലും നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ ഒട്ടേറെ പരിപാടികളാണ് ഇക്കുറി അരങ്ങേറുക. മികച്ച കലാകാരന്മാർ പങ്കെടുക്കും. സുരക്ഷാ ക്രമീകരണങ്ങൾ, വാഹന പാർക്കിംഗ് എന്നിവ സംബന്ധിച്ച കാര്യങ്ങളും മന്ത്രി വിലയിരുത്തി. ഓണം വാരാഘോഷത്തിന്റെ എല്ലാ മേഖലകളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. വ്യാപാര സ്ഥാപനങ്ങൾ സ്വന്തമായി വൈദ്യുതാലങ്കാരങ്ങൾ ഇടുന്ന കാര്യം പരിഗണിക്കണമെന്നും പരിപാടികളും വൈദ്യുതാലങ്കാരങ്ങളും രാത്രി 12 മണിക്ക് അവസാനിക്കുന്ന തരത്തിൽ ക്രമീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. സെപ്തംബർ ഒൻപതിന് നടക്കുന്ന ഘോഷയാത്ര കാണുന്നതിന് വിദേശ ടൂറിസ്റ്റ്കൾക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കുന്ന കാര്യം പരിഗണിക്കും. ഘോഷയാ്ര്രതയുടെ എല്ലാ ഘട്ടങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുമെന്നും അതിനായി ഫ്‌ളോട്ടുകൾ നിർമ്മിക്കുന്ന സ്ഥലം സന്ദർശിച്ച് പ്ലാസ്റ്റിക്കും മറ്റ് നിരോധിത വസ്തുക്കളും ഫ്‌ളോട്ട് നിർമ്മാണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി. ഓണം വാരാഘോഷ പരിപാടികളുടെ ബ്രോഷർ കളക്ടർ അനുകുമാരിക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. ഇന്ന് നടക്കുന്ന വിവിധ പരിപാടികളിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായ എം എൽ എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന അവലോകനയോഗത്തിൽ എം എൽ എ മാരായ ഐ ബി സതീഷ്, സി കെ ഹരീന്ദ്രൻ, വി കെ പ്രശാന്ത്, ഒ എസ് അംബിക, ടൂറിസം വകുപ്പ് ഡയറകടർ ശിഖ സുരേന്ദ്രൻ, പി ആർ ഡി ഡയറക്ടർ ടി വി സുഭാഷ്, സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ് , വിവിധ കമ്മിറ്റി അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments