Skip to main content

ഓണ നിലാവ് 2025 കലാവിരുന്നുമായി ജില്ലയിലെ ഓണം വാരാഘോഷം

വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം ജില്ലാ  ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തുന്ന ഓണാഘോഷപരിപാടിയായ ‘ഓണനിലാവ് 2025’  സെപ്റ്റംബര്‍ നാലു  മുതല്‍.  വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന കലാപരിപാടികളോടെയാണ് ആഘോഷം.
കൊല്ലം ബീച്ചില്‍ സെപ്റ്റംബര്‍ നാലിന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇവിടെയുള്ള ടോയ്‌ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.മുകേഷ് എം.എല്‍.എ അധ്യക്ഷനാകും.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, ജി.എസ്. ജയലാല്‍ എം.എല്‍.എ, മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ല കലക്ടറും ഡി.റ്റി.പി.സി ചെയര്‍മാനുമായ  എന്‍ ദേവിദാസ്,  സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ ഏഴിന് സമാപന സമ്മേളനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനാകും. എം.നൗഷാദ് എം എല്‍ എ, എന്‍.കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി.കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കലാപരിപാടികള്‍ സെപ്റ്റംബര്‍ നാലു മുതല്‍ എട്ടു വരെയുണ്ടാകും.  വൈകിട്ട് ഏഴ് മുതലാണ് പരിപാടികള്‍. സെപ്റ്റംബര്‍ നാലിന് പിന്നണി ഗായിക നയനാ നായരുടെ ഗാനമേള കൊല്ലം ബീച്ചില്‍.  അഡ്വ. മാരായമുട്ടം ജോണി അവതരിപ്പിക്കുന്ന കഥാപ്രസംഗം, ഫ്ളൈവിങ്സ് അവതരിപ്പിക്കുന്ന മെഗാഷോ എന്നിവ ചില്‍ഡ്രന്‍സ് പാര്‍ക്കിനടുത്തുള്ള നീലാംബരി ഓഡിറ്റോറിയത്തില്‍.  അന്നേദിവസം ലേഡീസ് പിങ്ക് ബാന്‍ഡിന്റെ പരിപാടി തങ്കശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പാര്‍ക്കിലാണ്.  അറിവ് ഫോക്ക്-ഡാന്‍സ് ടീം ഒരുക്കുന്ന 'നാടന്‍പാട്ട്, നാടന്‍കലാരൂപം', പരിപാടിയുടെ വേദി പട്ടത്താനം കലാവേദി ഗ്രന്ഥശാല. കല്ലുവാതുക്കല്‍ സമുദ്രതീരം ഓള്‍ഡേജ് ഹോമില്‍ നടക്കുന്ന വസന്തകുമാര്‍ സാംബശിവന്റെ കഥാപ്രസംഗം 'റാണി', മണലില്‍, എ.കെ.ജി സ്മാരക സമിതിയുടെ  വേദിയില്‍ നാഗര്‍കോവില്‍ ഓസ്‌കാര്‍ സംഘം നയിക്കുന്ന ഗാനമേള എന്നിവയുമുണ്ട്.
സെപ്റ്റംബര്‍ അഞ്ചിന് കൊല്ലം ബീച്ചിലെ വേദിയില്‍ സുദീപ്കുമാറിന്റെ ഗാനമേള. ചില്‍ഡ്രന്‍സ് പാര്‍ക്കിനടുത്തുള്ള നീലാംബരി ഓഡിറ്റോറിയത്തില്‍ അനില്‍ ഏകലവ്യയുടെ 'മധുരിത ഗാനഗസലുകള്‍'. തങ്കശേരി ബ്രേക്ക്‌വാട്ടര്‍ ടൂറിസം പാര്‍ക്കില്‍ മരുതൂര്‍വട്ടം ബിജുവും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ മ്യൂസിക് ഫ്യൂഷന്‍, വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്തില്‍ കായംകുളം കെ.പി.എസ്.സി അവതരിപ്പിക്കുന്ന നാടകം 'ഉമ്മാച്ചു', നീരാവില്‍ നവോദയ ഗ്രന്ഥശാലയുടെ വേദിയില്‍ ആര്‍.എല്‍.വി മനോജും സംഘവും അവതരിപ്പിക്കുന്ന 'ചന്ദ്രവീണ ഫ്യൂഷന്‍' തുടങ്ങിയവ അരങ്ങേറും.
സെപ്റ്റംബര്‍ ആറിന് പാലക്കാട് ചെമ്പൈ സംഗീത കോളജ് വിദ്യാര്‍ത്ഥികള്‍  അവതരിപ്പിക്കുന്ന ‘രാഗവല്ലി ബാന്‍ഡ്' ഷോ  കൊല്ലം ബീച്ചില്‍. രാഗിണി പണിക്കര്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പം, ആശ്രാമം ഉണ്ണികൃഷ്ണന്റെ ഗാനമേള തുടങ്ങിയ പരിപാടികള്‍   നീലാംബരി ഓഡിറ്റോറിയത്തിലാണ് നടക്കുക. റഗാസ ഫോക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ട് തങ്കശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പാര്‍ക്കില്‍.   വി വി ജോസും സംഘവും നയിക്കുന്ന കഥാപ്രസംഗം 'ഉമ്മണിതങ്ക' പത്തനാപുരം, വേളമാനൂരിലെ  ഗാന്ധിഭവന്റെ വേദിയിലും കോട്ടയം മെഗാബീറ്റ്‌സ് സംഘത്തിന്റെ ഗാനമേള കച്ചേരി ജംഗ്ഷനിലെ കോട്ടയ്ക്കകം ഓണം മഹോത്സവ വേദിയിലും പോള്‍സണ്‍ മൂവാറ്റുപുഴയുടെ ഗസല്‍സന്ധ്യ കരുനാഗപ്പള്ളി ഗ്രാവിറ്റി കള്‍ച്ചറല്‍ തീയേറ്ററിലും   നടക്കും.
സെപ്റ്റംബര്‍ ഏഴിന് കൃഷ്ണപ്രഭയുടെ മ്യൂസിക് ലൈവ് ബാന്‍ഡ് കൊല്ലം ബീച്ചില്‍. മൈക്കിള്‍ ജോ ഫ്രാന്‍സിസ് നയിക്കുന്ന ആഫ്റ്റര്‍ സിക്‌സ് ബാന്‍ഡിന്റെ പരിപാടി   നീലാംബരി ഓഡിറ്റോറിയത്തില്‍. പിന്നണി ഗായിക രൂപരേവതിയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍ തങ്കശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പാര്‍ക്കിലും എസ്.സജിത നയിക്കുന്ന ദുര്‍ഗ ഡാന്‍സ് അക്കാഡമിയുടെ നൃത്ത പരിപാടി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബിന്റെ വേദിയിലും   നടക്കും.
സെപ്റ്റംബര്‍ എട്ടിന് ചാത്തിനാംകുളം  പീപ്പിള്‍സ് ലൈബ്രറിയില്‍ പെരുമ്പുഴ പ്രമോദ്  അവതരിപ്പിക്കുന്ന   ‘ഗാനമഞ്ജരി', ആശ്രാമം ഉദയയുടെ വേദിയില്‍ വരമൊഴിക്കൂട്ടം സംഘത്തിന്റെ 'നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും'. അന്നേദിവസം ചവറ വികാസ് കലാസാംസ്‌കാരിക സമിതിയുടെ വേദിയില്‍ കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം 'ശാകുന്തളം', ഉളിയക്കോവില്‍  വൈദ്യശാല ഓണാഘോഷ കമ്മിറ്റിയുടെ വേദിയില്‍ ബാലഗോപാല്‍ നയിക്കുന്ന ദി ബിഗ് ബാന്‍ഡിന്റെ ഇന്‍സ്ട്രുമെന്റല്‍ വയലിന്‍ ഫ്യൂഷനും ഒരുക്കിയിട്ടുണ്ട്.
 
 

date