ശുചിത്വോത്സവം ഇന്ന് ആരംഭിക്കും
ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗര-ഗ്രാമീണ മേഖലകളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന 'സ്വച്ഛതാ ഹി സേവ' ക്യാംപെയ്ന്‍ 'ശുചിത്വോത്സവം'ഇന്ന് (സെപ്റ്റംബര്‍ 17ന്) ആരംഭിക്കും. നവംബര്‍ ഒന്ന് വരെ നീണ്ടുനില്‍ക്കുന്ന ക്യാംപെയിന്റെ ഭാഗമായി നഗര-ഗ്രാമ മേഖലകളിലെ അനധികൃത മാലിന്യ തള്ളല്‍ കേന്ദ്രങ്ങള്‍ കണ്ടെത്തി സമയബന്ധിതമായി ശുചീകരണം നടത്തും. ഓഫീസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി പൊതുസ്ഥാപനങ്ങളില്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. സമ്പൂര്‍ണ മാലിന്യമുക്തമാക്കിയ പ്രദേശങ്ങളില്‍ 'സീറോ വേസ്റ്റ്' ആഘോഷങ്ങള്‍, ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍, വാതില്‍ പടി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ശുചിത്വ തൊഴിലാളികളെ ആദരിക്കല്‍, ശുചിത്വ സന്ദേശ ചുവര്‍ ചിത്രം വരയ്ക്കല്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങള്‍ സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ശുചീകരിക്കും. ജൈവ, അജൈവ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനായി പച്ച, നീല നിറത്തിലുള്ള ബിന്നുകള്‍ സ്ഥാപിക്കും.
- Log in to post comments