തദ്ദേശ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തും: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിതചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദപരമായി നടത്തുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കർമ്മപരിപാടിക്ക് രൂപം നൽകിയത്. തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ഹരിതചട്ടം ഉറപ്പാക്കും.
ഹരിതചട്ടം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും, ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും നിരീക്ഷണസമിതികൾ രൂപീകരിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന കേന്ദ്രങ്ങൾ, ഓഫീസുകൾ, വിതരണ കേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കണം. ഇവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ഹരിതകർമസേനയുടെയും ക്ലീൻ കേരള കമ്പനിയുടെയും സേവനം ഉപയോഗപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഭക്ഷണ വിതരണം നടത്താൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടി സാമഗ്രികളിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉറപ്പാക്കണം. നിരോധിത വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും. തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കേണ്ടത് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഇത് സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ നൽകും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പരിസ്ഥിതി മലിനീകരണവും ശബ്ദ മലിനീകരണവും തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 10 വരെ cru.sec@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ജനഹിതം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ സമർപ്പിക്കാം.
യോഗത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ് എന്നിവർ പങ്കെടുത്തു.
- Log in to post comments