ഭരണ നേട്ടങ്ങളുമായി തദ്ദേശസ്ഥാപനങ്ങളില്‍ വികസന സദസ്സുകള്‍ സംഘടിപ്പിക്കും പരിശീലനം ഇന്ന് (സെപ്റ്റംബര്‍ 18ന്)
പരിശീലനം ഇന്ന് (സെപ്റ്റംബര്‍ 18ന്)
സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വികസന സദസ്സുകള്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ സംഘടിപ്പിക്കും. വികസന സദസ്സ് റിസോഴ്സ് പേഴ്സണ്ന്മാര്ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം സെപ്റ്റംബര്‍ 18ന് രാവിലെ 11ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഗ്രാമപഞ്ചായത്തുകള്‍, നഗരസഭ എന്നിവയില്‍ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള ജനങ്ങളുടെ പങ്കാളിത്തത്തില്‍ സ്ത്രീകള്‍, യുവജനങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരെ ഉള്‍പ്പെടുത്തിയാണ് വികസന സദസ്സ് സംഘടിപ്പിക്കുക. നിയമസഭാ സാമാജികര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്പേഴ്സണ്മാര് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ക്ക് പുറമേ വിശിഷ്ട വ്യക്തികള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ എന്നിവരും വികസന സദസ്സില്‍ പങ്കാളികളാകും.
അതി ദാരിദ്ര്യ,നിര്‍മാര്‍ജനം, ലൈഫ് മിഷന് പദ്ധതികള്‍ക്കായി ഭൂമി വിട്ടു നല്കിയവരെയും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും. വികസന സദസ്സിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കെസ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ക്ലിനിക് സജ്ജമാക്കും. സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളുടെ ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങളും ഇനി നടപ്പാക്കേണ്ട പദ്ധതികളും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുന്നതിനുള്ള ഓപ്പണ്‍ ഫോറം, സംഗ്രഹ ചര്‍ച്ച എന്നിവയും ഒരുക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കും.
വികസന സദസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണ്‍, ജില്ലാ കളക്ടര്‍ കോ-ചെയര്‍പേഴ്സണ്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനര്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന് 22ന് വികസന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങളും സദസ്സില്‍ പ്രദര്‍ശിപ്പിക്കും. പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രകാശനവും നടക്കും. ജില്ലയില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സദസ്സ് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
- Log in to post comments