സ്ത്രീകളുടെ ആരോഗ്യസംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: കെ.സി. വേണുഗോപാല്‍ എം.പി.
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം തിരിച്ചറിയാന്‍ സ്‌ക്രീനിംഗ് സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കെ.സി. വേണുഗോപാല്‍ എം.പി. അഭിപ്രായപ്പെട്ടു. സ്വസ്ഥ് നാരി സശക്ത് പരിവാര്‍ പക്ഷാചരണത്തിന്റെയും സ്ത്രീ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജില്ലാപഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ക്ഷയരോഗമുക്ത ആലപ്പുഴ'യ്ക്കായി സി.എസ്. ആര്‍ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ച കൊച്ചിന്‍ കപ്പല്‍ശാലയ്ക്ക് നിക്ഷയ് മിത്ര സര്‍ട്ടിഫിക്കറ്റ് എം.പി. സമ്മാനിച്ചു.
മാര്‍ച്ച് 8 വരെ നടക്കുന്ന സ്ത്രീ കാമ്പയിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം അയല്‍ക്കൂട്ട സ്‌ക്രീനിങ് ക്യാമ്പുകളും വിദഗ്ധ പരിശോധനകളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. നിക്ഷയ് മിത്ര പ്രഖ്യാപനത്തിന്റെ ഭാഗമായി കൊച്ചിന്‍ കപ്പല്‍ശാല ജില്ലയ്ക്ക് അനുവദിച്ച ക്ഷയരോഗ പരിശോധനയ്ക്കുള്ള ട്രൂനാറ്റ് മെഷിന്‍ കൊച്ചിന്‍ ഷിപ്യാഡ് സി.എസ്.ആര്‍ വിഭാഗം മേധാവി സമ്പത്ത് കുമാറില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് അനു വര്‍ഗീസ് ഏറ്റുവാങ്ങി. ക്ഷയരോഗികള്‍ക്കുള്ള പോഷഹാകാര കിറ്റിന്റെ വിതരണം എ.ഡി.എം. ആശ സി എബ്രഹാം നിര്‍വഹിച്ചു. ആലപ്പുഴ നഗരസഭാംഗം സിമി ഷാഫി ഖാന്‍ സ്ത്രീ കാമ്പയിന്‍ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു. 'മൈ ഭാരത് വോളന്റിയര്‍', 'ഞാന്‍ രക്തദാത'പദ്ധതികളില്‍ പങ്കാളികളായ ആലപ്പുഴ യു.ഐ.ടി.യിലെ എന്‍.എസ്. എസ് വോളന്റിയര്‍മാര്‍, ജില്ല ടി. ബി. ഓഫിസര്‍ ഡോ. അനന്ത് എം, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. കോശി സി പണിക്കര്‍, ഡോ. പാര്‍വ്വതി പ്രസാദ്, ഡോ. ഐ ചിത്ര, ഡോ. ആര്‍. സേതുനാഥ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ പങ്കെടുത്ത സ്‌ക്രീനിംഗ് ക്യാമ്പില്‍ 154 പേര്‍ പങ്കെടുത്തു.
- Log in to post comments