Skip to main content
വിജ്ഞാന കേരളം മിനി ജോബ് ഫെയർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വിദേശ തൊഴിലവസരങ്ങൾ ഉൾപ്പെടെ തുറന്ന് പയ്യന്നൂർ മിനി ജോബ് ഫെയർ

യു എ ഇ,  ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലായി നൂറിലധികം വിദേശ തൊഴിലവസരങ്ങളുൾപ്പെടെ ലഭ്യമാക്കി ലഭ്യമാക്കി വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തും പയ്യന്നൂർ നഗരസഭയും ചേർന്ന് സംഘടിപ്പിച്ച മിനി ജോബ് ഫെയർ. 650 തൊഴിലന്വേഷകരാണ് വിവിധ കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുത്തത്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഉൾപ്പെടെ 40 കമ്പനികളാണ് തൊഴിലവസരങ്ങളുമായി മേളയിൽ ഉണ്ടായിരുന്നത്. പത്താം തരം, വി എച്ച് എസ് സി, ബിരുദ-ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്കും മെഡിക്കൽ, പാരാമെഡിക്കൽ, ഐ ടി ഐ, പോളിടെക്‌നിക്, ബിടെക് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും നിരവധി അവസരങ്ങൾ മേളയിലുണ്ടായി. 

മിനി ജോബ് ഫെയർ പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ  ഉദ്ഘാടനം ചെയ്തു. എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ കെ.വി ലളിത അധ്യക്ഷയായി.
തൊഴിലന്വേഷകർക്ക് സർക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലസരങ്ങൾ ലഭ്യമാക്കാൻ വിജ്ഞാന കേരളം പദ്ധതി മുഖേന ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടത്തുന്ന മിനി ജോബ് ഫെയറിൽ ജില്ലയിലെ അഞ്ചാമത്തെതാണ് പയ്യന്നൂരിലേത്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന കുടുംബശ്രീ ക്യാംപയിനും തുടരുകയാണ്.  അടുത്ത  വർഷം ചുരുങ്ങിയത് മൂന്ന് ലക്ഷം പേർക്ക് സർക്കാരിതര മേഖലകളിലെ തൊഴിലവസരങ്ങൾ കണ്ടെത്തി ലഭ്യമാക്കാനാണ് ഈ ജനകീയ ഇടപെടൽ.

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ എഫ് അലക്‌സാണ്ടർ, എ വി ലേജു, എ പ്രാർഥന, വി ഷൈമ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം രാഘവൻ, സി പി ഷിജു, പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി അപ്പുക്കുട്ടൻ, വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, വിജ്ഞാനകേരളം ജില്ലാ കോ ഓർഡിനേറ്റർ എം സുർജിത്ത്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ മോഹനൻ, എ കെ എ എസ് ജി വി എച്ച് എസ് സ്‌കൂൾ പ്രിൻസിപ്പൽ എം രേഖ എന്നിവർ പങ്കെടുത്തു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും ഇരിട്ടി നഗരസഭയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും മട്ടന്നൂർ നഗരസഭയും ചേർന്ന് നടത്തുന്ന മിനി ജോബ് ഫെയർ സെപ്റ്റംബർ 27ന്  ഇരിട്ടി ചാവശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

date