നവ കേരളവും ന്യുനപക്ഷക്ഷേമവും: ശ്രദ്ധേയമായി വിഷൻ 2031 സംസ്ഥാനതല സെമിനാർ
ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും പുതിയ ചർച്ചകൾക്കും ആശയങ്ങൾക്കും വഴിതുറന്ന് വിഷൻ 2031- നവ കേരളവും ന്യൂനപക്ഷ ക്ഷേമവും സെമിനാർ. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന സെമിനാർ നവീന ആശയങ്ങളാൽ സമ്പന്നമായി.
സെമിനാറിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും ആശയങ്ങളും ഭാവി വികസന പദ്ധതികളുടെ രൂപീകരണത്തിനായി ഉപയോഗപ്പെടുത്തുമെന്ന് സെമിനാറിന്റെ ക്രോഡീകരണം നടത്തി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.കേരളത്തിൻ്റെ തനതായുള്ള സാംസ്കാരിക പാരമ്പര്യവും നാം പടുത്തുയർത്തിയ തത്വങ്ങളും ന്യൂനപക്ഷങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്നുണ്ട്. ഓരോ പദ്ധതിയും വകുപ്പ് രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും കൃത്യമായ പരിശോധനയിലൂടെയാണ്. പദ്ധതിയുടെ തുടർപ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തിയാണ് മുന്നോട്ടുപോകുന്നത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാൾ ന്യൂനപക്ഷങ്ങൾക്ക് തലയുയർത്തി നിൽക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളിലെയും പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്ത് നവകേരള സൃഷ്ടിക്കായി ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. വിവിധ സെഷനുകളിലായി നടന്ന ചർച്ചയിൽ ന്യൂനപക്ഷ അവകാശ സംരക്ഷണം, ന്യൂനപക്ഷ വികസനം തുടങ്ങിയവ ചർച്ച ചെയ്തു
- Log in to post comments