Skip to main content

തദ്ദേശസ്ഥാപന വാർഡ് സംവരണം : നറുക്കെടുപ്പ് തീയതി വിജ്ഞാപനമായി

 

പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും , തീയതിയും, സമയവും, സ്ഥലവും നിശ്ചയിച്ചും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗ്ഗം എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങൾ, വാർഡുകൾക്കാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.
ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും, മുനിസിപ്പൽ കൗൺസിലുകളിലേതിന് അതാത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാരെയും, മുനിസിപ്പൽ കോർപ്പറേഷനുകളിലേതിന് തദ്ദേശസ്വയംഭരണവകുപ്പ് അർബൻ ഡയറക്ടറെയുമാണ് അധികാരപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലഭിക്കും.
941 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ഒക്ടോബർ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചിട്ടുള്ളത്. അതത് ജില്ലകളിൽ  ബ്ളോക്ക് പഞ്ചായത്ത് പരിധിക്കുള്ളിലുള്ള  ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ സംവരണത്തിനുള്ള നറുക്കെടുപ്പിനാണ്  തീയതിയും സമയവും നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. 152 ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള  നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ 10 നാണ്. 14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10 ന് അതാത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഒക്ടോബർ 13 രാവിലെ 10 മണിക്കും മണ്ണാർക്കാട്, പാലക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 14 രാവിലെ 10 മണിക്കും കുഴൽമന്ദം, ചിറ്റൂർ, അട്ടപ്പാടി ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 15 രാവിലെ 10 മണിക്കും കൊല്ലങ്കോട്, ആലത്തൂർ, നെന്മാറ, മലമ്പുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 16 രാവിലെ 10 മണിക്കും കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ നഗരസഭകളുടെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പും ഒക്ടോബർ 16 രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.  ജില്ലയിലെ ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള  നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.

date