Skip to main content

*സംസ്ഥാന വയോജനകമ്മീഷന്‍ ജില്ലാതല യോഗം ചേര്‍ന്നു*  

സംസ്ഥാന വയോജനകമ്മീഷന്‍ വയോജനങ്ങളുടെ ക്ഷേമം സംബന്ധിച്ച് തൃശ്ശൂര്‍ ജില്ലാതല യോഗം ചേര്‍ന്നു. യോഗം വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ രൂപീകരിക്കുന്ന സംസ്ഥാനമാണ് കേരളം. യുവജനങ്ങള്‍ ജോലി തേടി വിദേശത്തേക്ക് പോകുന്നതിന്റെ ഫലമായി കേരളത്തില്‍ 60 വയസ് കഴിഞ്ഞവരുടെ എണ്ണവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും കൂടിവരുന്നുണ്ട്, ഇത് മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വയോജന കമ്മീഷന്‍ രൂപീകരിച്ചതെന്ന് അഡ്വ. കെ. സോമപ്രസാദ് പറഞ്ഞു.

വയോജന കമ്മീഷന്റെ ഭാവിപ്രവര്‍ത്തനങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായാണ് വയോജനക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനാ ഭാരവാഹികളെയും സ്ഥാപനാധികാരികളെയും (വൃദ്ധ സദനങ്ങള്‍) വയോജനങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരെയും പങ്കെടുപ്പിച്ച് വയോജന കമ്മീഷന്‍ ജില്ലാതലത്തില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ ലഭ്യമായ പരാതികളില്‍ അടിയന്തരമായി നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന് വയോജന കമ്മീഷന്‍ അംഗങ്ങളായ അമരവിള രാമകൃഷ്ണന്‍, കെ.എന്‍.കെ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍, ഫിനാന്‍സ് ഓഫീസര്‍ സി.എസ് പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.

 

date