വിജ്ഞാന കേരളം: റ്റാറ്റാ ഇലക്ട്രോണിക്സിൽ 66 വനിതകൾക്ക് നിയമനം
*ജില്ലയിൽ നിന്ന് 19 പേർ ജോലിയിൽ പ്രവേശിച്ചു
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ വിജ്ഞാന കേരളം വഴി റ്റാറ്റാ ഇലക്ട്രോണിക്സിൽ ജോലി നേടി 66 വനിതകൾ. ഐടിഐ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വനിതകൾക്കാണ് മൊബൈൽ അസംബ്ലി അസോസിയേറ്റ് തസ്തികയിൽ റ്റാറ്റാ ഇലക്ട്രോണിക്സിന്റെ തമിഴ്നാട് ഹൊസൂരിലുള്ള പ്ലാന്റിൽ തൊഴിലവസരം ലഭിച്ചത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്ന് നിയമനം ലഭിച്ച ഉദ്യോഗാർഥികൾ രണ്ട് ബാച്ചായി കമ്പനിയിലെത്തി ജോലിയിൽ പ്രവേശിച്ചു. ജനുവരി 10 ന് പുറപ്പെട്ട ആദ്യ ബാച്ചിലെ 30 പേരും 20 ന് പുറപ്പെട്ട രണ്ടാം ബാച്ചിലെ 36 പേരും ഉൾപ്പെടെ നിയമനം ലഭിച്ച 66 പേരും ഇതിനകം ജോലിയിൽ പ്രവേശിച്ചു. ഇതിൽ ആലപ്പുഴ ജില്ലയിൽ നിന്നും ആദ്യ ബാച്ചിൽ ഏഴ് പേരും രണ്ടാം ബാച്ചിൽ 12 പേരും ഉൾപ്പെടുന്നു. ഇവർക്ക് ശമ്പളത്തിന് പുറമേ ഹോസ്റ്റൽ സൗകര്യം, പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ, വാഹന സൗകര്യം ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും ലഭിക്കും. ഒരു വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റ്റാറ്റാ ഇലക്ട്രോണിക്സിൽ തന്നെ സ്ഥിര നിയമനം നേടുന്നതിനുള്ള സാധ്യതയുമുണ്ട്. വിജ്ഞാന കേരളം ആലപ്പുഴ ജില്ലാ മിഷൻ കോർഡിനേറ്റർ സി കെ ഷിബു, ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, കെ ഡിസ്ക് എഡി അനൂപ് പ്രകാശ്, ടിഇസിമാരായ അനു കൃഷ്ണൻ, അനുപമ തുടങ്ങിവർ യാത്രയയപ്പിന് നേതൃത്വം നൽകി.
- Log in to post comments