2026 നിയമസഭാ തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാർ..!
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ജനുവരി 3 ന് ചെറുതോണി ടൗൺ ഹാളിൽ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ ആരംഭിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രാഥമിക പരിശോധനയാണ് പൂർത്തിയായത്. ജില്ലയിലെ 1076 പോളിങ് ബൂത്തുകളിലേക്ക് വിതരണം ചെയ്യുന്നതിനും പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും റിസർവ് മെഷീനുകളും ഉൾപ്പെടെ 1345 കൺട്രോൾ യൂണിറ്റുകൾ, 1345 ബാലറ്റ് യൂണിറ്റുകൾ, 1453 വിവിപാറ്റ് മെഷീനുകൾ എന്നിവയാണ് പരിശോധിച്ചത്. പ്രാഥമിക പരിശോധന പൂർത്തിയായ മെഷീനുകളുടെ കൃത്യത ഉറപ്പാക്കുന്നതിനായി അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്ക് പോൾ നടത്തി. 14 മെഷീനുകളിൽ 1200 വോട്ടുകൾ, 27 വീതം മെഷീനുകളിൽ 1000 വോട്ട്, 500 വോട്ട് എന്നിങ്ങനെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തിരഞ്ഞെടുത്ത 68 മെഷീനുകളിലാണ് മോക്ക് പോൾ നടത്തി കൃത്യത ഉറപ്പാക്കിയത്.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ ദിനേശൻ ചെറുവാട്ട്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ്, ഫസ്റ്റ് ലെവൽ ചെക്കിംഗ് നോഡൽ ഓഫീസറും ഇടുക്കി എൽ ആർ തഹസിൽദാറുമായ മിഥുൻ എസ് സജീവ് എന്നിവർ മോക്ക് പോളിന് നേതൃത്വം നൽകി.
ചിത്രം: പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ മോക്ക്പോൾ
- Log in to post comments