Skip to main content

നമ്മുടെ ഭരണഘടന ഇന്ത്യന്‍ ജനതയുടെ അതിജീവനത്തിന്റെയും തുല്യനീതിയുടെയും പ്രകടന പത്രികയാണ്; മന്ത്രി എ.കെ ശശീന്ദ്രന്‍

അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ നമ്മുടെ ഭരണഘടന വെറും ഒരു പുസ്തകമല്ല, മറിച്ച് ദശലക്ഷക്കണക്കിന് വരുന്ന ജനതയുടെ അതിജീവനത്തിന്റെയും തുല്യനീതിയുടെയും പ്രകടന പത്രികയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നാണ് ഫെഡറലിസം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരവിഭജനവും പരസ്പര ബഹുമാനവും ഇതിന്റെ കാതലാണ്. ഇന്ത്യന്‍ ഫെഡറലിസം നമ്മുടെ വൈവിധ്യങ്ങളെ ഒന്നാക്കി നിര്‍ത്തുന്ന രാഷ്ട്രീയ സാമൂഹിക കരാറാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ ഫെഡറല്‍ സംവിധാനം വലിയ വെല്ലുവിളികള്‍ നേരിട്ടുകയാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കടന്ന് കയറാനും അര്‍ഹമായ സാമ്പത്തിക വിഹിതം നിഷേധിക്കാനുമുള്ള ശ്രമങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചക്ക് കാരണമാകും. ശക്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമെന്ന ആശയം പ്രാവര്‍ത്തികമായാല്‍ മാത്രമെ ഒരു ഫെഡറല്‍ റിപ്പബ്ലിക്ക് എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. എന്നാല്‍ ഇത് തകര്‍ക്കപ്പെടുന്ന നിരവധി അനുഭവങ്ങള്‍ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നു.

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളനിയമ സഭ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതിവരുത്തുന്നതിനുള്ള ബില്ല്പാസാക്കി അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതേവരെ അതിന് അനുമതി ലഭ്യമായിട്ടില്ല എന്ന വസ്തുതയും മന്ത്രി എടുത്ത് കാട്ടി.

നമ്മുടെ സംസ്ഥാനം സാമൂഹ്യ വികസന സൂചികകളുടെയും ആരോഗ്യ വിദ്യാദ്യാസ രംഗത്തിന്റെും കാര്യത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ നാടാണ്. കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറിയ സാഹചര്യത്തിലാണ് ഈ റിപ്പബ്ലിക്ക് ദിനം കടന്നുവരുന്നത്. കേരളത്തിന്റെ വികസന കുതിപ്പിന് വേഗത കൂട്ടാന്‍ ആവശ്യമായ ഇടപെടലുകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണെന്ന് മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ ജാതി മതാടിസ്ഥാനത്തിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. മനുഷ്യരെ വിഭജിക്കാനും അധികാരം ഉറപ്പിക്കാനും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനും മതവും, ജാതിയും, വര്‍ഗ്ഗീയതയും ആയുധമാക്കുന്ന പ്രവണതകള്‍ ലോകമെമ്പാടും വര്‍ധിച്ചുവരികയാണ്. ഇന്ത്യപോലുള്ള ഒരു ബഹുസ്വര സമൂഹത്തിന് ഇത് വലിയ ഭീഷണിയാകുമെന്ന് നാം ഓര്‍ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വടക്കെ അറ്റത്തെ ജില്ലയായ കാസര്‍കോട് സപ്തഭാഷ സംഗമഭൂമിയാണ്. ഭാഷകളാല്‍ സമ്പന്നമാണ് ഈ ജില്ല. 12 നദികള്‍ ജില്ലയുടെ മനോഹാരിത കൂട്ടുന്നു. യക്ഷഗാനം, തെയ്യം, പൂരക്കളി, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങളുടെ കേന്ദ്രവും കൂടിയാണ് ഈ ജില്ല. ഇന്ത്യയില്‍ ഔദ്യോഗിക പുഷ്പവും പക്ഷിയും വൃക്ഷവും പ്രഖ്യാപിച്ച ജില്ല കൂടിയാണിത്. കാസര്‍കോട് ജില്ലയില്‍ കാണുന്ന ഈ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരത പ്രതീകമാണ്. ഇത് സംരക്ഷിക്കാന്‍ നമ്മുടെ ഫെഡറല്‍ സംവിധാനത്തിന് കരുത്ത് പകരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
 

date